Monday, November 5, 2007

ഇക്കാസിന്റെ വിവാഹവും, എന്റെ ചില ചിന്തകളും.

ഇക്കാസിന്റെ വിവാഹം മംഗളമായി തന്നെ നടന്നു. സര്‍വ്വശക്തന്‍ ഇക്കാസിനും ജാസൂട്ടിക്കും സകല ഐശ്വര്യങ്ങളും നല്‍കട്ടെ

ഇവിടെ ഇപ്പോള്‍ ഈ പോസ്റ്റിടാന്‍ കാരണം ഇക്കാസിന്റെ വിവാഹവും അത് നടന്ന രീതിയുമാണ്. പങ്കെടുത്തതില്‍ എനിക്ക് സംതൃപ്തി നല്‍കിയ വിവാഹങ്ങളിലൊന്ന്. സംതൃപ്തി നല്‍കിയത് അതിന്റെ ലാളിത്യം കൊണ്ട് മാത്രം. ഈയിടെ ഞാന്‍ പങ്കെടുത്ത ഒരു വിവാഹവും ഇതും താരതമ്യ പെടുത്തിയാല്‍ എനിക്ക് തിരഞ്ഞെടുക്കേണ്ടി വരിക ഇക്കാസിന്റെ വിവാഹമായിരിക്കും. ഇങ്ങനെയൊരു കാര്യത്തിന് മുന്‍‌കൈ എടുത്തതിന് ഇക്കാസ് പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നു.


ഈയിടെ ഞാന്‍ തൃശ്ശൂര്‍ വെച്ച് ഒരു വിവാഹത്തില്‍ പങ്കെടുത്തിരുന്നു. പയ്യന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് രണ്ടടി നടക്കാവുന്ന ദൂരമേയുള്ളു . അവിടേക്ക് കല്യാണ ചെക്കന്‍ വരുന്നത് കുതിര വണ്ടിയില്‍ . പിന്നെ പെണ്ണിനെ നോക്കീട്ട് കാണാനില്ല. പെണ്ണിനെ കാണണേല് മാനത്തേക്ക് നോക്കണം. അതായത് നേരേ മോളില്‍ കിടന്ന് കറങ്ങുന്നു. അതില്‍ പെണ്ണ് മാത്രം ഇരുന്ന് വട്ടം കറങ്ങുന്നു.. അതും പോരാഞ്ഞിട്ട് വീഡിയോ ഒക്കെയുണ്ട്. പക്ഷെ അത് പിടിക്കാന്‍ ക്രെയിനും കൊടച്ചക്രവും എല്ലാം. എല്ലാം കൂടെ എതാണ്ട് ഒരു ഫിലിം ഷൂട്ടിങ്ങ് സെറ്റില്‍ എത്തിയ പോലെ ഒരു ബഹളം. അതും ഇക്കാസിന്റെ വിവാഹവും തട്ടിച്ച് നോക്കുമ്പോള്‍ ഏറ്റവും ആശ്വാസകരം ഇക്കാസിന്റെ വിവാഹം തന്നെ.


ഒരു വിവാഹം എന്നൊക്കെ പറഞ്ഞാല്‍ പുതിയ ആളുകളെ കാണുവാനും അവരെ പരിചയപ്പെടുവാനും പിന്നെ പഴയ ആളുകളോട് ഒന്നു കൂടെ സൌഹൃദം പുതുക്കുവാനും വേണ്ടിയാകണമെന്നാണ് എന്റെ അഭിപ്രായം. നേരത്തെ ഞാന്‍ പറഞ്ഞ കല്യാണങ്ങള്‍ക്ക് ഇങ്ങനൊരു കാര്യം ചെയ്യാന്‍ പറ്റുമോയെന്ന് എനിക്ക് സംശയമുണ്ട്. എന്റെ അനുഭവത്തില്‍, ഇല്ലാ എന്ന് തന്നെ പറയേണ്ടി വരും.


ഇങ്ങനെ വലിയ ആര്‍ഭാടപൂര്‍വ്വമായ വിവാഹങ്ങള്‍ നടത്തുമ്പോള്‍ അതേറ്റവും കൂടുതല്‍ ബാധിക്കുന്നത് സമൂഹത്തിലെ മധ്യവര്‍ഗ്ഗ കുടുംബങ്ങളെയായിരിക്കും. പിന്നെ കുറച്ച് പാവപ്പെട്ടവരേയും. കാരണം, മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ക്കാണല്ലോ തീരെ തരം താഴാനും വയ്യ എന്നാല്‍ സമ്പന്നര്‍ ചെയ്യുന്നത് പോലെ ചെയ്യണമെന്നുമുള്ള ഒരു അസ്‌കിത കൂടുതലുള്ളത്. അവര്‍ ഇങ്ങനെ വരുമ്പോള്‍ ഉള്ള കടവും പേറി ഇതൊക്കെ നടത്തും. എന്നിട്ട് കുറച്ച് കാലം കഴിയുമ്പോള്‍ കുടുംബം കൂട്ടത്തോടെ പത്രത്തില്‍ പടമാവുകയും ചെയ്യും ( എല്ലാ പടമാവുന്നതിലും വിവാഹമാണെന്ന് ഇത്കൊണ്ട് അര്‍ത്ഥമാക്കുന്നില്ല. ) ഞാന്‍ പറഞ്ഞ് വന്നത്, കല്യാണത്തിന് ക്ഷണിക്കുന്നവര്‍ മിക്കവരും വരും, കല്യാണവും കൂടി അവര്‍ പോകും..അതോടെ മിക്കവരുടെയും മനസില്‍ നിന്ന് ആ ചടങ്ങ് തന്നെ മാഞ്ഞ് പോകും. നമ്മള്‍ ആര്‍ഭാടമായിട്ട് കല്യാണവും നടത്തും. കല്യാണം കൊള്ളാമെന്ന് അവര്‍ ഒരു കമന്റും പാസ്സാക്കി നമ്മള്‍ ക്ഷണിച്ചവര്‍ അവരുടെ വഴിക്ക് പോകും. കൂടുതല്‍ ധൂര്‍ത്ത് കാണിച്ച്, ഇല്ലാത്ത പണകൊഴുപ്പ് കാണിക്കണൊ? പിന്നെ പാട് പെടുന്നത് കുടുംബാംഗങ്ങളായിരിക്കും.


ഇതിനൊക്കെയിടലും കുറച്ച് ചെറുപ്പക്കാരും കുടുംബാംഗങ്ങളും ഉണ്ടെന്നുള്ളത് വളരെ ആശ്വാസം തന്നെ. കൂടുതല്‍ പേര്‍ ഈ വഴിയേ ചിന്തിക്കുമെന്ന് പ്രതീക്ഷിക്കാം.

ഇനി ഇതൊക്കെ വായിച്ചിട്ട് കാശുള്ളവര്‍ അവര്‍ക്ക് തോന്നിയത് പോലെ ചെയ്യട്ടെ. കാശുള്ളത് കൊണ്ടല്ലേ അവര്‍ അങ്ങിനെ ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ ..എനിക്കുള്ള മറുപടി, നമ്മളെല്ലാവരും സാമൂഹ്യ ജീവിയാണ്. ( അല്ലേ? ) അപ്പോള്‍ നമുക്ക് സമൂഹത്തോടും ഒരു പ്രതിബദ്ധതയില്ലേ? അടുത്ത ഉയര്‍ന്ന് വരാനുള്ള ചോദ്യം, ഇതൊക്കെ നിന്റെ കുടുംബത്തും പ്രാവര്‍ത്തികമാക്കുമോ എന്ന് ചോദിച്ചാല്‍, നടത്തും എന്നേ പറയൂ. അത് പോലൊന്ന് രണ്ടാഴ്ച മുന്‍പ് നടത്തിയതേയുള്ളു.

Friday, November 2, 2007

വറ്റ്കറ ജോസൂട്ടനും മൊബൈലും

എന്താന്ന് അറിയില്ല. ഞാന്‍ പുതിയ പോസ്റ്റ് പോസ്റ്റ് ചെയ്തിട്ട് ഒരു അഗ്രിഗേറ്ററിലും കാണിക്കുന്നില്ല. അത് കൊണ്ട് ഈ ബ്ലോഗ് വഴി ഒരു ടെസ്റ്റ് കം അനൌണ്‍സ്‌മെന്റ് നടത്താംന്ന് വെച്ചു. ഇതിലൂടെ പോയാല്‍ പുതിയ പോസ്റ്റില്‍ എത്താം ട്ടാ.

Monday, September 24, 2007

കരിപ്പൂര്‍ എയര്‍പോര്‍ട്ടും, എയര്‍ ഇന്ത്യയുടെ “കുസൃതികളും”

മലബാറുകാര്‍ തങ്ങളുടെ സ്വപ്നപദ്ധതികളിലൊന്നായി കണ്ടിരുന്ന കോഴിക്കോട്‌ എയര്‍പോര്‍ട്ടില്‍ നിന്ന് അവര്‍ക്ക്‌ ഇപ്പോള്‍ കിട്ടികൊണ്ടിരിക്കുന്ന തിക്താനുഭവങ്ങളില്‍ രോഷം കൊള്ളാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി. എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും കുത്തകയാക്കി കയ്യടക്കി വെച്ചിരിക്കുന്ന ഈ എയര്‍പോര്‍ട്ട്‌, അവരുടെ കെടുകാര്യസ്ഥത മൂലം മുഖ്യമായും ദുരിതമനുഭവിക്കുന്നത്‌ മലബാര്‍ മേഖലയിലെ പാവം ഗള്‍ഫുകാരനാണെന്നതാണ്‌ എറ്റവും വിഷമമുണ്ടാക്കുന്ന കാര്യം.

1992 മുതല്‍ അന്താരാഷ്‌ട്ര സര്‍വീസ്‌ കരിപ്പൂരില്‍ നിന്നുമുണ്ട്‌. ഇത്രയും കാലമായിട്ട്‌, അവിടെ നിന്നുള്ള യാത്രക്കാരെ ഊറ്റുക എന്നല്ലാതെ സാധാരണക്കാര്‍ക്ക്‌ ഉപകാരപ്പെടുന്ന എന്തെങ്കിലും ചെയ്യുവാന്‍ ഇതു വരെ ഇന്ത്യന്‍ വെള്ളാനകളായ രണ്ട്‌ എയര്‍ലൈന്‍സുകളും ( ഇപ്പോള്‍ ഒന്ന്, ഇന്ത്യനും എയര്‍ ഇന്ത്യയും ലയനം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു) ഇന്ത്യന്‍ വ്യോമയാന മന്ത്രാലയമോ ഒന്നും ചെയ്യുന്നില്ല. കാരണം, ഈ എയര്‍ലൈനുകള്‍ക്ക്‌ ഏറ്റവും ലാഭമുണ്ടാക്കി കൊടുക്കുന്ന ഒരു സെക്റ്ററാണ്‌ കേരള-ഗള്‍ഫ്‌ സെക്റ്റര്‍ . അതില്‍ തന്നെ കോഴിക്കോട്‌-ഗള്‍ഫ്‌ റൂട്ട്‌.

കരിപ്പൂരില്‍ നിന്ന് 1992 മുതല്‍ അന്താരാഷ്‌ട്ര സര്‍വീസുകള്‍ ഉണ്ടെങ്കിലും എയര്‍പോര്‍ട്ടിന്‌ അന്താരാഷ്‌ട്ര പദവി കിട്ടിയത്‌ പത്ത്‌ കൊല്ലം കഴിഞ്ഞ്‌ മാത്രം. അതിന്‌ അവര്‍ കാരണം പറഞ്ഞത്‌, അന്താരാഷ്‌ട്ര പദവി കിട്ടാന്‍ റണ്‍വേക്ക്‌ 9000 അടിയെങ്കിലും വേണമെന്നാണ്‌. റണ്‍വേ വികസനത്തിനും മറ്റു അനുബന്ധ കാര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും ഒരു പാട്‌ മലബാറുകാര്‍ നാട്ടിലും വിദേശത്തും വളരെയധികം ബുദ്ധിമുട്ടിയിട്ടുണ്ട്‌. റണ്‍വേ വികസനത്തിനും മറ്റും ആയി എടുത്ത 60 കോടിയും അതിന്റെ പലിശയും ഹഡ്‌കോക്ക്‌ തിരിച്ച്‌ നല്‍കിയത്‌ ഗവണ്‍മെന്റൊ അല്ലെങ്കില്‍ മറ്റ്‌ ഗവണ്‍മെന്റ്‌ ഏജന്‍സികളോ അല്ല. നാട്ടില്‍ നിന്ന് തിരിച്ച്‌ പോകാന്‍ വേണ്ടി വിമാനം കയറാന്‍ എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ അവിടെ "യൂസേഴ്സ്‌ ഫീ" എന്ന പേരില്‍ ഊറ്റുന്ന പൈസ കൊണ്ടാണ്‌ ഈ ബാധ്യതയത്രയും തിരിച്ചടച്ചത്‌.

ഇതെല്ലാം 2001ല്‍ പണി പൂര്‍ത്തികരിച്ചുവെങ്കിലും അന്താരാഷ്‌ട്ര പദവി കിട്ടാന്‍ പിന്നെയും അഞ്ച്‌ വര്‍ഷം കാത്തിരിക്കേണ്ടി വന്നു.അന്താരാഷ്‌ട്ര പദവി കൈവന്നിട്ടും അതിന്റെ ഗുണം ഇത്‌ വരെ യാത്രക്കാര്‍ക്ക്‌ കിട്ടിയിട്ടില്ല. ഒരു അന്താരാഷ്ട്ര എയര്‍ലൈനും കരിപ്പൂരിലേക്ക് സര്‍വീസ് നടത്താന്‍ വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയില്ല.സാര്‍ക്ക്‌ രാജ്യങ്ങള്‍ തമ്മിലുള്ള ഉടമ്പടി പ്രകാരം സര്‍വീസ്‌ നടത്തുന്ന ശ്രീലങ്കന്‍ ആണ്‌ ഇതിനൊരു അപവാദം. അത്‌ യാത്രക്കാര്‍ക്ക്‌ കുറച്ചൊരു ആശ്വാസമാണു താനും.

2001നു ശേഷം ഇന്ത്യയിലെ മറ്റ്‌ എയര്‍പോര്‍ട്ടുകളായ ബാംഗ്ലൂര്‍ ‍, ഹൈദരാബാദ്‌, അഹമ്മാദാബാദ്‌,അമൃത്‌സര്‍ ,ഗുവാഹത്തി എന്നിവക്കൊക്കെ വ്യോമയാന മന്ത്രാലായം അന്താരാഷ്‌ട്ര പദവി ചാര്‍ത്തി കൊടുത്തു.ആ കാലത്ത്‌, ഹൈദരാബാദിനേക്കാളും കൂടുതല്‍ യാത്രക്കാരെ കൈകാര്യം ചെയ്തിരുന്ന കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിന്‌ അന്താരാഷട്രപദവി കിട്ടണമെന്ന ആവശ്യം ന്യായമായിരുന്നു.പിന്നീട്‌ 2004ല്‍ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ കരിപ്പൂരിന്റെ നാലയലത്ത്‌ പോലും എത്താതിരുന്ന നാഗ്‌പൂരിന്‌ അന്താരാഷ്‌ട്ര പദവി കൊടുത്തപ്പോഴും കരിപ്പൂരിനെ അവഗണിക്കുകയായിരുന്നു. അവസാനം 2006ലാണ്‌ ജെയ്‌പൂര്‍ എയര്‍പോര്‍ട്ടിനൊപ്പം കരിപ്പൂരിനും അന്താരാഷ്‌ട്ര പദവി നല്‍കി. അന്താരാഷ്‌ട്ര പദവി ലഭിച്ചാല്‍ വിദേശ വിമാന കമ്പനികള്‍ക്ക്‌ സര്‍വീസ്‌ നടത്താന്‍ അനുമതി നല്‍കേണ്ടതാണ്‌. ജെയ്‌പൂരില്‍ അത്‌ നടക്കുകയും ചെയ്‌തു. ഷാര്‍ജയില്‍ നിന്ന് ജെയ്‌പൂരിലേക്ക്‌ സര്‍വീസ്‌ നടത്താന്‍ എയര്‍ അറേബ്യക്ക്‌ അനുമതി നല്‍കിയപ്പോള്‍ കരിപ്പൂരിലേക്ക്‌ സര്‍വീസ്‌ നടത്താനുള്ള അനുമതി വ്യോമയാന മന്ത്രാലയം നിഷ്‌കരുണം തള്ളി. നാഗ്‌പൂര്‍ ‍, ജെയ്‌പൂര്‍ ,ഗുവാഹത്തി എന്നീ എയര്‍പോര്‍ട്ടുകള്‍ക്ക്‌ അന്താരാഷ്‌ട്ര പദവി ലഭിക്കുന്നത്‌ ഈ എയര്‍പോര്‍ട്ടുകളില്‍ നിന്ന് ഒരു ഒറ്റ അന്താരാഷ്‌ട്ര സര്‍വീസുകള്‍ പോലും നടത്താതെയാണ്‌. അതെ സമയം, കരിപ്പൂരില്‍ നിന്ന് ദിനേന 2000നും 3000നും ഇടക്ക്‌ വിദേശയാത്രക്കാര്‍ ഉണ്ടായിരുന്നു എന്നു കൂടി ഇതിനോട്‌ കൂട്ടിവായിക്കണം.

വിദേശ വിമാന കമ്പനികള്‍ കരിപ്പൂരിലേക്ക്‌ സര്‍വീസ്‌ നടത്താന്‍ കാലങ്ങളായി അനുമതി തേടി കൊണ്ടിരിക്കുന്നു. ഇത്തിഹാദ്‌, എമിറേറ്റ്‌സ്‌, ഒമാന്‍ എയര്‍,ഖത്തര്‍ എയര്‍വേസ്‌,കുവൈത്ത്‌ എയര്‍വേസ്‌, എയര്‍ അറേബ്യ എന്നിവ കാലങ്ങളായി അനുമതിക്കായി കാത്തിരിക്കുന്നതു. ഇതിന്റെ ഇടക്ക്‌ കുവൈത്ത്‌ അധികൃതര്‍ മാത്രമാണ്‌ കുറച്ച്‌ ഭീഷണി മുഴക്കിയത്‌. പക്ഷേ, അവര്‍ക്ക്‌ മറ്റുള്ള സെക്റ്ററുകളിലേക്ക്‌ കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചും, കരിപ്പൂരിനെ മാറ്റി നിര്‍ത്തി പകരം അവര്‍ക്ക്‌ ബാംഗ്ലൂരിലേക്കും ചെന്നൈയിലേക്കും സര്‍വീസ്‌ നടത്താന്‍ അനുമതി നല്‍കി വ്യോമയാന മന്ത്രാലയം കൈകഴുകി.

എയര്‍ ഇന്ത്യയുടെയും ഇന്ത്യന്റെയും കുത്തക റൂട്ടായ കരിപ്പൂര്‍-ഗള്‍ഫ്‌ സെക്റ്റര്‍ വിട്ട്‌ കൊടുക്കാതിരിക്കാന്‍ അവര്‍ പരമാവധി ശ്രമിക്കുന്നു. എന്നാല്‍ , അതിനു തക്ക സര്‍വീസ്‌ ഈ എയര്‍ലൈനുകള്‍ നല്‍കുന്നുണ്ടോ? അതില്ല. വിമാനം പുറപ്പെടാന്‍ വൈകാത്ത ഒരു ദിവസം പോലും അവിടെ കാണില്ല. ഈയിടെ അത്‌ അല്‍പം ഭീകരമായിരുന്നു. ജിദ്ദയിലേക്കുള്ള വിമാനം 30 മണിക്കൂറും, കുവൈത്തിലേക്കുള്ള വിമാനം 45 മണിക്കൂറുമാണ്‌ വൈകിയത്‌. ഇത്‌ മൂലം യാത്രക്കാര്‍ക്ക്‌ ഉണ്ടായ നഷ്ട്ടം വളരെ വലുതാണ്‌. കുവൈത്തിലേക്കുള്ള 3 യാത്രക്കാരുടെ ജോലി തന്നെ നഷ്ട്ടപ്പെട്ടു എന്ന് കേള്‍ക്കുന്നു. എന്നാല്‍ അതിനുള്ള നഷ്ട്ടപരിഹാരം ഇവര്‍ നല്‍കുമോ? അതുമില്ല. എന്ത്‌ ചോദിച്ചാലും മറുപടി ഒന്നേയുള്ളു.."സാങ്കേതിക തകരാര്‍". എന്നാല്‍ പഴക്കം ചെന്ന വിമാനങ്ങള്‍ മാറ്റുന്നുമില്ല. ഉള്ളതില്‍ എറ്റവും പഴക്കം ചെന്ന വിമാനങ്ങളാണ്‌ എയര്‍ ഇന്ത്യ ( എക്സ്‌പ്രസ്‌ അല്ല) ജിദ്ദയിലേക്കും, ദമാമിലേക്കും, കുവൈത്തിലേക്കും കരിപ്പൂരില്‍ നിന്ന് പറത്തുന്നത്‌. പുതിയ വിമാനങ്ങള്‍ എയര്‍ ഇന്ത്യയിലേക്ക്‌ വന്നു തുടങ്ങിയിട്ടുണ്ടെങ്കിലും അതൊന്നും ഈ സെക്റ്ററില്‍ ഉപയോഗിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറല്ല. അതൊക്കെ യൂറോപ്പ്‌, നോര്‍ത്ത്‌ അമേരിക്കന്‍ സെക്റ്ററില്‍ ആണ്‌ ഉപയോഗിക്കുന്നത്‌. എന്നാല്‍ ആ സെക്റ്ററില്‍ അതിനു തക്ക ലാഭം എയര്‍ ഇന്ത്യക്ക്‌ കിട്ടുന്നുണ്ടോ എന്ന കാര്യം സംശയമാണ്‌.

എയര്‍ ഇന്ത്യയുടെ ചിലവ്‌ കുറഞ്ഞ( ആര്‍ക്ക്‌ കുറഞ്ഞു? എയര്‍ ഇന്ത്യക്ക്‌ ചിലവ്‌ കുറഞ്ഞു) വിമാന സര്‍വീസ്‌ എന്ന ഓമന പേരില്‍ നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കാര്യം ഇതിലും കഷ്ട്ടം. ചിലവ്‌ കുറവ്‌ അവര്‍ക്കാണെന്ന് മാത്രം. യാത്രക്കാര്‍ക്ക്‌ അതിന്റെ യാതൊരു ഗുണവും കിട്ടുന്നുമില്ല. വിമാനം വൈകിയാല്‍ , അല്ലെങ്കില്‍ ക്യാന്‍സല്‍ ചെയ്താല്‍ ‍, ബോര്‍ഡിംഗ്‌ പാസ്‌ എടുത്തിട്ടുണ്ടെങ്കില്‍ ഹോട്ടല്‍ താമസം കൊടുക്കണമെന്നാണ്‌ ചട്ടം.പക്ഷേ എയര്‍ ഇന്ത്യ എക്സ്പ്രസിന്‌ അതൊന്നും ബാധകമല്ല. കാരണം, ചിലവ്‌ കുറഞ്ഞ സര്‍വീസല്ലേ. ഇത്രയൊക്കെ മതിയെന്ന് അവരും കരുതി കാണും. കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്‌പ്രസിന്റെ കാര്യവും വ്യത്യസ്ഥമല്ല. മിക്കപ്പോഴും വിമാനം വൈകലാണ്‌. അതിനും കാരണം മിക്കപ്പോഴും വിമാന തകാരാറാണ്‌. എയര്‍ ഇന്ത്യ എക്സ്‌പ്രസിന്‌ പുതിയ വിമാനങ്ങളാണ്‌ ഉപയോഗിക്കുന്നതെന്ന് ഓര്‍ക്കണം.

എന്തായാലും ഇതിനൊരു അറുതി വരുമെന്ന് പ്രത്യാശിക്കാം. ജെറ്റ്‌ എയര്‍വേസിന്‌ കേരളത്തില്‍ നിന്നു സര്‍വീസ്‌ നടത്താന്‍ അനുമതി ആയിട്ടുണ്ട്‌. ജനുവരി ഒന്ന് മുതല്‍ അവര്‍ക്ക്‌ കരിപ്പൂരില്‍ നിന്ന് ദോഹ,മസ്‌കറ്റ്‌,ദുബൈ എന്നിവിടങ്ങളിലേക്ക്‌ സര്‍വീസ്‌ നടത്താന്‍ അനുമതി കിട്ടിയതായി അറിയുന്നു. അത്രയെങ്കിലും നല്ലത്‌. യാത്രാക്കൂലിയുടെ കാര്യത്തില്‍ എന്തായാലും എയര്‍ ഇന്ത്യയോട്‌ ജെറ്റ്‌ എയര്‍വേസ്‌ മത്സരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അവരുടെ മറ്റു അന്തര്‍ദ്ദേശിയ സര്‍വീസുകള്‍ എല്ലാം വളരെ മെച്ചമുള്ളതാണെന്ന് അഭിപ്രായം കേട്ടിരുന്നു.എയര്‍ ഇന്ത്യ കുത്തകയാക്കി വെച്ചിരുന്ന പല സെക്റ്ററിലും അവര്‍ മെച്ചപ്പെട്ട പ്രകടനം നടത്തുന്നു എന്ന് കേള്‍ക്കുന്നു. എന്തായാലും ജെറ്റ്‌ എയര്‍വേസിന്റെ കടന്ന് വരവ്‌ കരിപ്പൂരില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്‌ ആശ്വസമാകും എന്നു വിശ്വസിക്കാം. ഇനി ഇവരും എയര്‍ ഇന്ത്യയുടെ ചുവട്‌ പിടിച്ച്‌ ഗള്‍ഫ്‌ യാത്രക്കാരെ പിഴിയുമോ?

വിവരങ്ങള്‍ക്ക് കടപ്പാട്: മാധ്യമം ദിനപ്പത്രം.

Tuesday, August 14, 2007

പാലക്കാട് ഡിവിഷന്‍ വിഭജനവും, എനിക്ക് പറയാനുള്ളതും.

ഇന്നത്തെ വാര്‍ത്തകളില്‍ മുഖ്യമായ് നിറഞ്ഞ് നിന്നത് സേലം ഡിവിഷനെ ചൊല്ലി പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ സഭ സ്തംഭിപ്പിക്കുകയും പിന്നീട്‌ സഭയില്‍ ഇരുന്ന് ബഹളം വെച്ചുവെന്ന കാരണം പറഞ്ഞ്‌ പി.സി തോമസിനോട്‌ സ്പീക്കര്‍ സഭയില്‍ നിന്നിറങ്ങി പോകാനുമായിരുന്നു. ഞാന്‍ അതിനെ പറ്റിയല്ല ഇവിടെ എഴുതുന്നത്‌.

പാലക്കാട്‌ ഡിവിഷന്‍ വിഭജിച്ച്‌ സേലം ഡിവിഷന്‍ രൂപികരിക്കുന്നത്‌ കൊണ്ട്‌ കേരളത്തിനുണ്ടാകുന്ന കഷ്ട്ട നഷ്ട്ടങ്ങളെ പറ്റിയാണ്‌ ഇപ്പോള്‍ പ്രധാന ചിന്ത. പ്രധാനമായും സാമ്പത്തികം തന്നെ. കേരളത്തിലേക്ക്‌ വരാനുള്ളത്‌ കുറയും എന്നാണ്‌ പ്രധാന ആക്ഷേപം. വരവ്‌ കുറയുന്നു എന്നുള്ളത്‌ ശരി തന്നെ. അതോടൊപ്പം ചിലവും കുറയില്ലെ? തന്നെയുമല്ല, വിഭജനത്തിന്‌ ശേഷം അഡ്മിനിസ്ട്രേഷന്‍ കുറച്ച്‌ കൂടെ എളുപ്പമാകില്ലേ?

റെയില്‍വേയുടെ കാര്യത്തില്‍ കേരളം എപ്പോഴും പിന്നോക്കം തന്നെയാണ്‌. ഇങ്ങനെയൊക്കെ മുറവിളി കൂട്ടുന്നതിന്‌ പകരം കേരളത്തില്‍ റെയില്‍വേയുടെ സൗകര്യങ്ങള്‍ എങ്ങിനെയൊക്കെ വര്‍ദ്ധിപ്പിക്കാം എന്നല്ലെ എല്ലാവരും കൂടി ചിന്തിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും?

എറ്റവുമാദ്യം നമുക്ക്‌ ലഭ്യമാകേണ്ടത്‌ സൌകര്യങ്ങളാണ്‌. ഇപ്പോള്‍ തന്നെ ഒരുവിധം ട്രെയിനുകള്‍ എല്ലാം തന്നെ വൈകിയാണ്‌ വരുന്നതും പോകുന്നതും. ദീര്‍ഘദൂരയാത്ര വണ്ടികള്‍ കടന്ന് പോകുവാന്‍ വേണ്ടി പാസഞ്ചര്‍ ട്രയിനുകള്‍ തടഞ്ഞിടേണ്ടിവരുന്നതും അതിനെ ചൊല്ലി തര്‍ക്കങ്ങളും പതിവാണ്‌.കേരളത്തില്‍ ഇപ്പോഴും ഇടനിലക്കാര്‍ പ്രധാനമായും, അതില്‍ തന്നെ മുഖ്യമായും ജോലിക്കാര്‍ ആശ്രയിക്കുന്നത്‌ റെയില്‍വേ അല്ലെങ്കില്‍ ബസ്‌ ആണ്‌. ഒരു വിധം ദൂരത്ത്‌ അതായത്‌ 100-150 കിലോമിറ്ററുകള്‍ അകലെയുള്ള ഓഫിസില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ എറ്റവും ആശ്രയം റെയില്‍വേ തന്നെ. അതും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന അസമയത്തും. വെളുപ്പിന്‌ രണ്ട്‌ മണിക്കും മൂന്ന് മണിക്കും ഒക്കെ എഴുന്നേറ്റ്‌ വീട്ടിലെ പണിയൊക്കെ ചെയ്ത്‌ വെച്ച്‌ റെയില്‍വേ സ്റ്റേഷനിലേക്ക്‌ ഓടുന്നവരെ പറ്റി വായിച്ചും പറഞ്ഞ്‌കേട്ടും നല്ലവണ്ണം അറിവുണ്ട്‌. ട്രെയിന്‍ പിടിച്ചിടുന്നത്‌ ഒഴിവാക്കാന്‍ ആദ്യം വേണ്ടത്‌, നിലവിലുള്ള പാതകള്‍ വികസിപ്പിക്കലാണ്‌. ഒറ്റവരി പാതകള്‍ ഇരുവരിയാക്കലും, ഇരു വരി പാതകള്‍ മൂന്ന് വരിയൊ അല്ലെങ്കില്‍ നാലു വരിയോ ആക്കണം. പിന്നെ പാത വൈദ്യുതീകരണവും. ഇതൊക്കെ സാധിച്ചാല്‍ മുംബൈയിലും ചെന്നൈയിലും ഉള്ളത്‌ പോലെ ലോക്കല്‍ ട്രെയിന്‍ സംവിധാനവും നോക്കാവുന്നതാണ്‌. ഒരു ഇടവേള വിട്ട്‌ ഒരു നിശ്ചിത ദൂരത്തിനിടക്ക്‌ ലോക്കല്‍ ട്രെയിന്‍ സംവിധാനം വന്നാല്‍ ജനങ്ങള്‍ അത്‌ സ്വീകരിക്കുമെന്ന് തന്നെയാണെന്റെ പ്രതീക്ഷ. അത്‌ മൂലമുണ്ടാകുന്ന ഊര്‍ജ്ജ-ഇന്ധന ലാഭം നമ്മുടെ നാടിന്‌ തന്നെയല്ലെ മുതല്‍ക്കൂട്ട്‌?

വേറൊന്ന്, വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനലും, എല്‍.എന്‍.ജി ടെര്‍മിനലും വരുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന കുരുക്ക്‌ പരിഹരിക്കാനുതകുന്ന ഇടപ്പള്ളി-ഗുരുവായൂര്‍, ഗുരുവായൂര്‍-കുറ്റിപ്പുറം പാത എന്നിവ പാടെ അവഗണിച്ച മട്ടാണെന്ന് തോന്നുന്നു.

റെയില്‍വേ മലബാര്‍ മേഖലെയെ അവഗണിക്കുന്നതാണ്‌ കാണുന്നത്‌. ദീര്‍ഘദൂര സര്‍വീസുകള്‍ ഉണ്ടെങ്കിലും അത്‌ കൊണ്ട്‌ മുന്‍പ്‌ പറഞ്ഞ സാധാരണ യാത്രക്കാര്‍ക്ക്‌ അതിന്റെ പ്രയോജനം കിട്ടുന്നുണ്ടൊ എന്ന് സംശയകരമാണ്‌. പ്രധാനമായും മലബാര്‍ മേഖലയിലേക്കുള്ള പാസഞ്ചര്‍ സര്‍വീസുകള്‍ മിക്കതും ഒഴിവാക്കികൊണ്ടിരിക്കുന്നു. ദീര്‍ഘദൂര ട്രെയിനുകളെയാകട്ടെ സൂപ്പര്‍ ഫാസ്റ്റും എക്സ്പ്രസ്സും ആക്കി നിലവിലുള്ള സ്റ്റോപ്പുകള്‍ എടുത്ത്‌ കളയുകയും ചെയ്യുന്നു. ഇത്‌ മൂലം സമയലാഭം ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും അത്‌ എത്രമാത്രം പൊതുജനത്തെ ബാധിക്കുന്നു എന്നു കണ്ടെത്താന്‍ റെയില്‍വേ മറന്നു.


ഇനി രാഷ്ട്രീയമായിട്ട്‌ പറയുകയാണെങ്കില്‍, ഇത്‌ വരെ കേരളത്തിലെ രാഷ്ട്രീയക്കാര്‍ റെയില്‍വേക്ക്‌ വേണ്ടി എന്ത്‌ ചെയ്തു എന്ന് കൂടെ ആലോചിക്കണം. റെയില്‍വേ ബജറ്റില്‍ കിട്ടുന്ന പിച്ചകണക്ക്‌ അല്ലാതെ എന്തെങ്കിലും കേരളം രാഷ്ട്രീയപരമായി നേടിയെടുത്തോ എന്ന് നോക്കേണ്ടിയിരിക്കുന്നു. ഇവിടെയാണ്‌ കേരളവും മറ്റ്‌ സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം. നമ്മുടെ തൊട്ടപ്പുറത്ത്‌ കിടക്കുന്ന തമിഴ്‌നാടിന്റെ കാര്യം നോക്കുക. അവിടെ ആരു വേണെങ്കിലും ഭരിച്ചോട്ടെ. കിട്ടേണ്ടത്‌ അവര്‍ വാങ്ങിക്കൂട്ടിയിരിക്കും. കഴിഞ്ഞ തവണ ബി.ജെ.പി സര്‍ക്കാര്‍ ആയിരുന്നപ്പോഴും, ഇത്തവണ കോണ്‍ഗ്രസ്‌ ആയിരിക്കുമ്പോഴും അവര്‍ക്ക്‌ കിട്ടേണ്ടത്‌ വാങ്ങിയെടുക്കാന്‍ അവര്‍ക്കറിയാം.

കേന്ദ്രത്തില്‍ ഭരണം താങ്ങി നിറുത്തുന്നത്‌ തങ്ങളാണെന്ന് ഇടത്‌പക്ഷം പറയുന്നു. അതേ ഇടത്‌ പക്ഷത്തിലെ 20 എം.പിമാര്‍ വിചാരിച്ചാല്‍ ഇതൊന്നും നടക്കില്ലെ? പറയാന്‍ മാത്രമല്ല അത്‌ പ്രവര്‍ത്തിച്ച്‌ കാണിക്കാനുള്ള ആര്‍ജ്ജവം കൂടെ വേണം. അതായത്‌, വേണം എന്ന് വെക്കണം. അതിന്‌ വേണ്ടി പ്രവര്‍ത്തിക്കുകയും വേണം.