Tuesday, August 14, 2007

പാലക്കാട് ഡിവിഷന്‍ വിഭജനവും, എനിക്ക് പറയാനുള്ളതും.

ഇന്നത്തെ വാര്‍ത്തകളില്‍ മുഖ്യമായ് നിറഞ്ഞ് നിന്നത് സേലം ഡിവിഷനെ ചൊല്ലി പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ സഭ സ്തംഭിപ്പിക്കുകയും പിന്നീട്‌ സഭയില്‍ ഇരുന്ന് ബഹളം വെച്ചുവെന്ന കാരണം പറഞ്ഞ്‌ പി.സി തോമസിനോട്‌ സ്പീക്കര്‍ സഭയില്‍ നിന്നിറങ്ങി പോകാനുമായിരുന്നു. ഞാന്‍ അതിനെ പറ്റിയല്ല ഇവിടെ എഴുതുന്നത്‌.

പാലക്കാട്‌ ഡിവിഷന്‍ വിഭജിച്ച്‌ സേലം ഡിവിഷന്‍ രൂപികരിക്കുന്നത്‌ കൊണ്ട്‌ കേരളത്തിനുണ്ടാകുന്ന കഷ്ട്ട നഷ്ട്ടങ്ങളെ പറ്റിയാണ്‌ ഇപ്പോള്‍ പ്രധാന ചിന്ത. പ്രധാനമായും സാമ്പത്തികം തന്നെ. കേരളത്തിലേക്ക്‌ വരാനുള്ളത്‌ കുറയും എന്നാണ്‌ പ്രധാന ആക്ഷേപം. വരവ്‌ കുറയുന്നു എന്നുള്ളത്‌ ശരി തന്നെ. അതോടൊപ്പം ചിലവും കുറയില്ലെ? തന്നെയുമല്ല, വിഭജനത്തിന്‌ ശേഷം അഡ്മിനിസ്ട്രേഷന്‍ കുറച്ച്‌ കൂടെ എളുപ്പമാകില്ലേ?

റെയില്‍വേയുടെ കാര്യത്തില്‍ കേരളം എപ്പോഴും പിന്നോക്കം തന്നെയാണ്‌. ഇങ്ങനെയൊക്കെ മുറവിളി കൂട്ടുന്നതിന്‌ പകരം കേരളത്തില്‍ റെയില്‍വേയുടെ സൗകര്യങ്ങള്‍ എങ്ങിനെയൊക്കെ വര്‍ദ്ധിപ്പിക്കാം എന്നല്ലെ എല്ലാവരും കൂടി ചിന്തിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും?

എറ്റവുമാദ്യം നമുക്ക്‌ ലഭ്യമാകേണ്ടത്‌ സൌകര്യങ്ങളാണ്‌. ഇപ്പോള്‍ തന്നെ ഒരുവിധം ട്രെയിനുകള്‍ എല്ലാം തന്നെ വൈകിയാണ്‌ വരുന്നതും പോകുന്നതും. ദീര്‍ഘദൂരയാത്ര വണ്ടികള്‍ കടന്ന് പോകുവാന്‍ വേണ്ടി പാസഞ്ചര്‍ ട്രയിനുകള്‍ തടഞ്ഞിടേണ്ടിവരുന്നതും അതിനെ ചൊല്ലി തര്‍ക്കങ്ങളും പതിവാണ്‌.കേരളത്തില്‍ ഇപ്പോഴും ഇടനിലക്കാര്‍ പ്രധാനമായും, അതില്‍ തന്നെ മുഖ്യമായും ജോലിക്കാര്‍ ആശ്രയിക്കുന്നത്‌ റെയില്‍വേ അല്ലെങ്കില്‍ ബസ്‌ ആണ്‌. ഒരു വിധം ദൂരത്ത്‌ അതായത്‌ 100-150 കിലോമിറ്ററുകള്‍ അകലെയുള്ള ഓഫിസില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ എറ്റവും ആശ്രയം റെയില്‍വേ തന്നെ. അതും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന അസമയത്തും. വെളുപ്പിന്‌ രണ്ട്‌ മണിക്കും മൂന്ന് മണിക്കും ഒക്കെ എഴുന്നേറ്റ്‌ വീട്ടിലെ പണിയൊക്കെ ചെയ്ത്‌ വെച്ച്‌ റെയില്‍വേ സ്റ്റേഷനിലേക്ക്‌ ഓടുന്നവരെ പറ്റി വായിച്ചും പറഞ്ഞ്‌കേട്ടും നല്ലവണ്ണം അറിവുണ്ട്‌. ട്രെയിന്‍ പിടിച്ചിടുന്നത്‌ ഒഴിവാക്കാന്‍ ആദ്യം വേണ്ടത്‌, നിലവിലുള്ള പാതകള്‍ വികസിപ്പിക്കലാണ്‌. ഒറ്റവരി പാതകള്‍ ഇരുവരിയാക്കലും, ഇരു വരി പാതകള്‍ മൂന്ന് വരിയൊ അല്ലെങ്കില്‍ നാലു വരിയോ ആക്കണം. പിന്നെ പാത വൈദ്യുതീകരണവും. ഇതൊക്കെ സാധിച്ചാല്‍ മുംബൈയിലും ചെന്നൈയിലും ഉള്ളത്‌ പോലെ ലോക്കല്‍ ട്രെയിന്‍ സംവിധാനവും നോക്കാവുന്നതാണ്‌. ഒരു ഇടവേള വിട്ട്‌ ഒരു നിശ്ചിത ദൂരത്തിനിടക്ക്‌ ലോക്കല്‍ ട്രെയിന്‍ സംവിധാനം വന്നാല്‍ ജനങ്ങള്‍ അത്‌ സ്വീകരിക്കുമെന്ന് തന്നെയാണെന്റെ പ്രതീക്ഷ. അത്‌ മൂലമുണ്ടാകുന്ന ഊര്‍ജ്ജ-ഇന്ധന ലാഭം നമ്മുടെ നാടിന്‌ തന്നെയല്ലെ മുതല്‍ക്കൂട്ട്‌?

വേറൊന്ന്, വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനലും, എല്‍.എന്‍.ജി ടെര്‍മിനലും വരുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന കുരുക്ക്‌ പരിഹരിക്കാനുതകുന്ന ഇടപ്പള്ളി-ഗുരുവായൂര്‍, ഗുരുവായൂര്‍-കുറ്റിപ്പുറം പാത എന്നിവ പാടെ അവഗണിച്ച മട്ടാണെന്ന് തോന്നുന്നു.

റെയില്‍വേ മലബാര്‍ മേഖലെയെ അവഗണിക്കുന്നതാണ്‌ കാണുന്നത്‌. ദീര്‍ഘദൂര സര്‍വീസുകള്‍ ഉണ്ടെങ്കിലും അത്‌ കൊണ്ട്‌ മുന്‍പ്‌ പറഞ്ഞ സാധാരണ യാത്രക്കാര്‍ക്ക്‌ അതിന്റെ പ്രയോജനം കിട്ടുന്നുണ്ടൊ എന്ന് സംശയകരമാണ്‌. പ്രധാനമായും മലബാര്‍ മേഖലയിലേക്കുള്ള പാസഞ്ചര്‍ സര്‍വീസുകള്‍ മിക്കതും ഒഴിവാക്കികൊണ്ടിരിക്കുന്നു. ദീര്‍ഘദൂര ട്രെയിനുകളെയാകട്ടെ സൂപ്പര്‍ ഫാസ്റ്റും എക്സ്പ്രസ്സും ആക്കി നിലവിലുള്ള സ്റ്റോപ്പുകള്‍ എടുത്ത്‌ കളയുകയും ചെയ്യുന്നു. ഇത്‌ മൂലം സമയലാഭം ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും അത്‌ എത്രമാത്രം പൊതുജനത്തെ ബാധിക്കുന്നു എന്നു കണ്ടെത്താന്‍ റെയില്‍വേ മറന്നു.


ഇനി രാഷ്ട്രീയമായിട്ട്‌ പറയുകയാണെങ്കില്‍, ഇത്‌ വരെ കേരളത്തിലെ രാഷ്ട്രീയക്കാര്‍ റെയില്‍വേക്ക്‌ വേണ്ടി എന്ത്‌ ചെയ്തു എന്ന് കൂടെ ആലോചിക്കണം. റെയില്‍വേ ബജറ്റില്‍ കിട്ടുന്ന പിച്ചകണക്ക്‌ അല്ലാതെ എന്തെങ്കിലും കേരളം രാഷ്ട്രീയപരമായി നേടിയെടുത്തോ എന്ന് നോക്കേണ്ടിയിരിക്കുന്നു. ഇവിടെയാണ്‌ കേരളവും മറ്റ്‌ സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം. നമ്മുടെ തൊട്ടപ്പുറത്ത്‌ കിടക്കുന്ന തമിഴ്‌നാടിന്റെ കാര്യം നോക്കുക. അവിടെ ആരു വേണെങ്കിലും ഭരിച്ചോട്ടെ. കിട്ടേണ്ടത്‌ അവര്‍ വാങ്ങിക്കൂട്ടിയിരിക്കും. കഴിഞ്ഞ തവണ ബി.ജെ.പി സര്‍ക്കാര്‍ ആയിരുന്നപ്പോഴും, ഇത്തവണ കോണ്‍ഗ്രസ്‌ ആയിരിക്കുമ്പോഴും അവര്‍ക്ക്‌ കിട്ടേണ്ടത്‌ വാങ്ങിയെടുക്കാന്‍ അവര്‍ക്കറിയാം.

കേന്ദ്രത്തില്‍ ഭരണം താങ്ങി നിറുത്തുന്നത്‌ തങ്ങളാണെന്ന് ഇടത്‌പക്ഷം പറയുന്നു. അതേ ഇടത്‌ പക്ഷത്തിലെ 20 എം.പിമാര്‍ വിചാരിച്ചാല്‍ ഇതൊന്നും നടക്കില്ലെ? പറയാന്‍ മാത്രമല്ല അത്‌ പ്രവര്‍ത്തിച്ച്‌ കാണിക്കാനുള്ള ആര്‍ജ്ജവം കൂടെ വേണം. അതായത്‌, വേണം എന്ന് വെക്കണം. അതിന്‌ വേണ്ടി പ്രവര്‍ത്തിക്കുകയും വേണം.