Tuesday, August 14, 2007

പാലക്കാട് ഡിവിഷന്‍ വിഭജനവും, എനിക്ക് പറയാനുള്ളതും.

ഇന്നത്തെ വാര്‍ത്തകളില്‍ മുഖ്യമായ് നിറഞ്ഞ് നിന്നത് സേലം ഡിവിഷനെ ചൊല്ലി പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ സഭ സ്തംഭിപ്പിക്കുകയും പിന്നീട്‌ സഭയില്‍ ഇരുന്ന് ബഹളം വെച്ചുവെന്ന കാരണം പറഞ്ഞ്‌ പി.സി തോമസിനോട്‌ സ്പീക്കര്‍ സഭയില്‍ നിന്നിറങ്ങി പോകാനുമായിരുന്നു. ഞാന്‍ അതിനെ പറ്റിയല്ല ഇവിടെ എഴുതുന്നത്‌.

പാലക്കാട്‌ ഡിവിഷന്‍ വിഭജിച്ച്‌ സേലം ഡിവിഷന്‍ രൂപികരിക്കുന്നത്‌ കൊണ്ട്‌ കേരളത്തിനുണ്ടാകുന്ന കഷ്ട്ട നഷ്ട്ടങ്ങളെ പറ്റിയാണ്‌ ഇപ്പോള്‍ പ്രധാന ചിന്ത. പ്രധാനമായും സാമ്പത്തികം തന്നെ. കേരളത്തിലേക്ക്‌ വരാനുള്ളത്‌ കുറയും എന്നാണ്‌ പ്രധാന ആക്ഷേപം. വരവ്‌ കുറയുന്നു എന്നുള്ളത്‌ ശരി തന്നെ. അതോടൊപ്പം ചിലവും കുറയില്ലെ? തന്നെയുമല്ല, വിഭജനത്തിന്‌ ശേഷം അഡ്മിനിസ്ട്രേഷന്‍ കുറച്ച്‌ കൂടെ എളുപ്പമാകില്ലേ?

റെയില്‍വേയുടെ കാര്യത്തില്‍ കേരളം എപ്പോഴും പിന്നോക്കം തന്നെയാണ്‌. ഇങ്ങനെയൊക്കെ മുറവിളി കൂട്ടുന്നതിന്‌ പകരം കേരളത്തില്‍ റെയില്‍വേയുടെ സൗകര്യങ്ങള്‍ എങ്ങിനെയൊക്കെ വര്‍ദ്ധിപ്പിക്കാം എന്നല്ലെ എല്ലാവരും കൂടി ചിന്തിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും?

എറ്റവുമാദ്യം നമുക്ക്‌ ലഭ്യമാകേണ്ടത്‌ സൌകര്യങ്ങളാണ്‌. ഇപ്പോള്‍ തന്നെ ഒരുവിധം ട്രെയിനുകള്‍ എല്ലാം തന്നെ വൈകിയാണ്‌ വരുന്നതും പോകുന്നതും. ദീര്‍ഘദൂരയാത്ര വണ്ടികള്‍ കടന്ന് പോകുവാന്‍ വേണ്ടി പാസഞ്ചര്‍ ട്രയിനുകള്‍ തടഞ്ഞിടേണ്ടിവരുന്നതും അതിനെ ചൊല്ലി തര്‍ക്കങ്ങളും പതിവാണ്‌.കേരളത്തില്‍ ഇപ്പോഴും ഇടനിലക്കാര്‍ പ്രധാനമായും, അതില്‍ തന്നെ മുഖ്യമായും ജോലിക്കാര്‍ ആശ്രയിക്കുന്നത്‌ റെയില്‍വേ അല്ലെങ്കില്‍ ബസ്‌ ആണ്‌. ഒരു വിധം ദൂരത്ത്‌ അതായത്‌ 100-150 കിലോമിറ്ററുകള്‍ അകലെയുള്ള ഓഫിസില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ എറ്റവും ആശ്രയം റെയില്‍വേ തന്നെ. അതും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന അസമയത്തും. വെളുപ്പിന്‌ രണ്ട്‌ മണിക്കും മൂന്ന് മണിക്കും ഒക്കെ എഴുന്നേറ്റ്‌ വീട്ടിലെ പണിയൊക്കെ ചെയ്ത്‌ വെച്ച്‌ റെയില്‍വേ സ്റ്റേഷനിലേക്ക്‌ ഓടുന്നവരെ പറ്റി വായിച്ചും പറഞ്ഞ്‌കേട്ടും നല്ലവണ്ണം അറിവുണ്ട്‌. ട്രെയിന്‍ പിടിച്ചിടുന്നത്‌ ഒഴിവാക്കാന്‍ ആദ്യം വേണ്ടത്‌, നിലവിലുള്ള പാതകള്‍ വികസിപ്പിക്കലാണ്‌. ഒറ്റവരി പാതകള്‍ ഇരുവരിയാക്കലും, ഇരു വരി പാതകള്‍ മൂന്ന് വരിയൊ അല്ലെങ്കില്‍ നാലു വരിയോ ആക്കണം. പിന്നെ പാത വൈദ്യുതീകരണവും. ഇതൊക്കെ സാധിച്ചാല്‍ മുംബൈയിലും ചെന്നൈയിലും ഉള്ളത്‌ പോലെ ലോക്കല്‍ ട്രെയിന്‍ സംവിധാനവും നോക്കാവുന്നതാണ്‌. ഒരു ഇടവേള വിട്ട്‌ ഒരു നിശ്ചിത ദൂരത്തിനിടക്ക്‌ ലോക്കല്‍ ട്രെയിന്‍ സംവിധാനം വന്നാല്‍ ജനങ്ങള്‍ അത്‌ സ്വീകരിക്കുമെന്ന് തന്നെയാണെന്റെ പ്രതീക്ഷ. അത്‌ മൂലമുണ്ടാകുന്ന ഊര്‍ജ്ജ-ഇന്ധന ലാഭം നമ്മുടെ നാടിന്‌ തന്നെയല്ലെ മുതല്‍ക്കൂട്ട്‌?

വേറൊന്ന്, വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനലും, എല്‍.എന്‍.ജി ടെര്‍മിനലും വരുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന കുരുക്ക്‌ പരിഹരിക്കാനുതകുന്ന ഇടപ്പള്ളി-ഗുരുവായൂര്‍, ഗുരുവായൂര്‍-കുറ്റിപ്പുറം പാത എന്നിവ പാടെ അവഗണിച്ച മട്ടാണെന്ന് തോന്നുന്നു.

റെയില്‍വേ മലബാര്‍ മേഖലെയെ അവഗണിക്കുന്നതാണ്‌ കാണുന്നത്‌. ദീര്‍ഘദൂര സര്‍വീസുകള്‍ ഉണ്ടെങ്കിലും അത്‌ കൊണ്ട്‌ മുന്‍പ്‌ പറഞ്ഞ സാധാരണ യാത്രക്കാര്‍ക്ക്‌ അതിന്റെ പ്രയോജനം കിട്ടുന്നുണ്ടൊ എന്ന് സംശയകരമാണ്‌. പ്രധാനമായും മലബാര്‍ മേഖലയിലേക്കുള്ള പാസഞ്ചര്‍ സര്‍വീസുകള്‍ മിക്കതും ഒഴിവാക്കികൊണ്ടിരിക്കുന്നു. ദീര്‍ഘദൂര ട്രെയിനുകളെയാകട്ടെ സൂപ്പര്‍ ഫാസ്റ്റും എക്സ്പ്രസ്സും ആക്കി നിലവിലുള്ള സ്റ്റോപ്പുകള്‍ എടുത്ത്‌ കളയുകയും ചെയ്യുന്നു. ഇത്‌ മൂലം സമയലാഭം ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും അത്‌ എത്രമാത്രം പൊതുജനത്തെ ബാധിക്കുന്നു എന്നു കണ്ടെത്താന്‍ റെയില്‍വേ മറന്നു.


ഇനി രാഷ്ട്രീയമായിട്ട്‌ പറയുകയാണെങ്കില്‍, ഇത്‌ വരെ കേരളത്തിലെ രാഷ്ട്രീയക്കാര്‍ റെയില്‍വേക്ക്‌ വേണ്ടി എന്ത്‌ ചെയ്തു എന്ന് കൂടെ ആലോചിക്കണം. റെയില്‍വേ ബജറ്റില്‍ കിട്ടുന്ന പിച്ചകണക്ക്‌ അല്ലാതെ എന്തെങ്കിലും കേരളം രാഷ്ട്രീയപരമായി നേടിയെടുത്തോ എന്ന് നോക്കേണ്ടിയിരിക്കുന്നു. ഇവിടെയാണ്‌ കേരളവും മറ്റ്‌ സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം. നമ്മുടെ തൊട്ടപ്പുറത്ത്‌ കിടക്കുന്ന തമിഴ്‌നാടിന്റെ കാര്യം നോക്കുക. അവിടെ ആരു വേണെങ്കിലും ഭരിച്ചോട്ടെ. കിട്ടേണ്ടത്‌ അവര്‍ വാങ്ങിക്കൂട്ടിയിരിക്കും. കഴിഞ്ഞ തവണ ബി.ജെ.പി സര്‍ക്കാര്‍ ആയിരുന്നപ്പോഴും, ഇത്തവണ കോണ്‍ഗ്രസ്‌ ആയിരിക്കുമ്പോഴും അവര്‍ക്ക്‌ കിട്ടേണ്ടത്‌ വാങ്ങിയെടുക്കാന്‍ അവര്‍ക്കറിയാം.

കേന്ദ്രത്തില്‍ ഭരണം താങ്ങി നിറുത്തുന്നത്‌ തങ്ങളാണെന്ന് ഇടത്‌പക്ഷം പറയുന്നു. അതേ ഇടത്‌ പക്ഷത്തിലെ 20 എം.പിമാര്‍ വിചാരിച്ചാല്‍ ഇതൊന്നും നടക്കില്ലെ? പറയാന്‍ മാത്രമല്ല അത്‌ പ്രവര്‍ത്തിച്ച്‌ കാണിക്കാനുള്ള ആര്‍ജ്ജവം കൂടെ വേണം. അതായത്‌, വേണം എന്ന് വെക്കണം. അതിന്‌ വേണ്ടി പ്രവര്‍ത്തിക്കുകയും വേണം.

9 comments:

മെലോഡിയസ് said...

ഇന്നത്തെ വാര്‍ത്തയില്‍ ഇതായിരുന്നു മുഖ്യ വിഷയം. അപ്പോള്‍ എനിക്ക് തോന്നിയത് ഞാന്‍ ഇവിടെ കുറിച്ചു വെക്കുന്നു. എന്റെ വളരെ പരിമിതമായ അറിവുകള്‍ക്കുള്ളില്‍ നിന്നാണ് ഈ കുറിപ്പെഴുതിയത്. അത് കൊണ്ട് തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ ദയവായി ചൂണ്ടി കാണിക്കണം. ഓരോ മണ്ടന്‍ ആശയങ്ങളാണേ.

നിങ്ങളുടെ അഭിപ്രായവും അറിയാന്‍ താല്പര്യമുണ്ട്.

കുതിരവട്ടന്‍ :: kuthiravattan said...

20 എം‌പിമാര്‍ കേരളത്തില്‍ നിന്നുണ്ടെങ്കിലും 39 എം‌പിമാരുള്ള തമിഴ്നാടിനല്ലേ കേന്ദ്രം പരിഗണന കൊടുക്കൂ. ഒച്ചപ്പാടുണ്ടാക്കാനും അവര്‍ തന്നെയാണ് മുമ്പില്‍.

സേലം ഡിവിഷന്‍ നടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കോടതിയും അനുകൂലനിലപാടാണല്ലോ സ്വീകരിച്ചിരിക്കുന്നത്. 810 കിലോമീറ്റര്‍ പാലക്കാടു ഡിവിഷനില്‍ നിന്നെടുത്താല്‍ പിന്നെ പാലക്കാടു ഡിവിഷനില്‍ 300 കിലോമീറ്ററേ ബാക്കി കാണൂ.

കേരളത്തിന് ഇക്കാര്യത്തില്‍ ആകെ ചെയ്യാവുന്നത് ഒരു പശ്ചിമ തീര റെയില്‌വേ സോണ്‍ ആവശ്യപ്പെടുകയാണ്. ന്യായമായ ആവശ്യമാണെങ്കിലും വേലു മന്ത്രിയായിരിക്കുന്നിടത്തോളം കാലം ഇതും നടപ്പാകാന്‍ ബുദ്ധിമുട്ടാണ്. എം‌പിമാരുടെ എണ്ണം കുറവായതു കൊണ്ടും ഉള്ളവര്‍ ഒന്നിച്ചു നില്‍ക്കാത്തതു കൊണ്ടുമാണ് കേരളത്തിനെ റെയില്‌വേ എപ്പോഴും അവഗണിക്കുന്നത്.

ഷാനവാസ്‌ ഇലിപ്പക്കുളം said...

കേരളം പോയി തുലയട്ടെ! ആവശ്യമുള്ളവര്‍ ഏതു ഗവണ്‍മന്റ്‌ ഭരിച്ചാലും ആവശ്യമുള്ളത്‌ നേടും അതില്‍ അസൂയപ്പെട്ടിട്ട്‌ ഒരു കാര്യവുമില്ല. തമിഴന്മാര്‍ക്ക്‌ അതിനുള്ള ആര്‍ജ്ജവവും പിടിപാടുമുണ്ട്‌. കേരളത്തിലെ 20 എം.പിമാരും കൂടി താങ്ങുന്ന ഒരു സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചിട്ടും പുതിയ റെയില്വേ സോണ്‍ ഒന്നുമനുവദിച്ചില്ലെങ്കിലും വര്‍ഷങ്ങളായുള്ള ബാംഗളൂര്‍ മലയാളികളുടെ പരിദേവനങ്ങള്‍ കേള്‍ക്കാനോ ഒരു ദൈനം ദിന ട്രെയിന്‍ കൂടി കേരളത്തില്‍ നിന്നും ദിവസംതോറും, ആയിരക്കണക്കിന്‌ യാത്രക്കാരെ അന്യസംസ്ഥാന ബസ്‌ ലോബി പിഴിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എന്തുനടപടി യാണ്‍ ഇവുടുത്തെ ഭരണ പ്രതിപക്ഷങ്ങള്‍ സ്വീകരിച്ചത്‌? കഴിഞ്ഞ റയില്‍വേ ബഡ്ജറ്റില്‍ അനുവദിക്കാത്ത ഈ ട്രെയിന്‍ പിന്നീട്‌ കേരള എം.പിമാര്‍ക്ക്‌ ലാലുജി ഉറപ്പ്‌ തന്നെന്നും, ഇതിന്റെ പേരില്‍ റെയില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി അദ്ദേഹം തട്ടിക്കയറി യെന്നുമൊക്കെ എന്തെല്ലാം കിംവദന്തികളാണ്‍ അന്ന് പല മാധ്യമങ്ങളിലൂടെയും നാം കേട്ടത്‌? എന്നിട്ടെന്തായി ഒടുക്കം? ഈ അടുത്തയിടെ കൊല്ലം കോട്ടയം പാസഞ്ചറില്‍ ആളുകള്‍ക്ക്‌ കയറാന്‍ സ്ഥലമില്ലാതായിട്ട്‌ പടിയിലും മറ്റുമായി തൂങ്ങി നിന്ന് യാത്രചെയ്യുന്നതു കൂടാതെ ഗാര്‍ഡുമാരെ അവഗണിച്ച്‌ ലെഗേജ്‌ വാനില്‍ കയറിയ 20ഓളം യാത്രക്കാരെ ഏറണാകുളത്ത്‌ കാത്തുനിന്നിരുന്ന റെയില്‍പ്രൊട്ടക്ഷന്‍ സേനയുടെ സഹായത്തോടെ വന്‍തുക പിഴയീടാക്കിയതായും യാത്രക്കാര്‍ അതിനെതിരായി പ്രതിഷേധിച്ചതായും വാര്‍ത്ത കണ്ടിരുന്നു. എന്നിട്ടെന്തായി? യാത്രക്കാര്‍ ഗതികെട്ടായിര്‍ക്കണമല്ലോ ലഗേജ്‌ വാനില്‍ കയറി നിന്ന് യാത്രചെയ്തെന്ന് ആര്‍ക്കുമനസ്സിലായാലും റെയില്‍വേയ്ക്ക്‌ മാത്രം മനസ്സിലായില്ല! അതിനാല്‍ തന്നെ അധികമായി ഒരു കമ്പാര്‍ട്ടുമെന്റെങ്കിലും ദിവസവും ഇത്രയധികം തിരക്കുള്ള ഈ ട്രയിനില്‍ അധികമായൊ ചേര്‍ക്കാന്‍ അധികാരികള്‍ നടപടിയെടുത്തില്ല. കൊല്ലം ചെങ്കോട്ട റൂട്ടിലെ മീറ്റര്‍ഗേജെങ്കിലും ഉണ്ടായിരുന്ന ട്രെയിന്‍ ഓട്ടം നിര്‍ത്തിയിട്ട്‌ മാസങ്ങളാകുന്നു. ഇപ്പോഴും കൊല്ലം പുനലൂര്‍ പാത ബ്രോദ്ഗേജാക്കല്‍ ഇഴഞ്ഞുനീങ്ങുന്നു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളിലെങ്കിലും ഇത്‌ പൂര്‍ത്തീകരിക്കുമോ എന്ന് കണ്ടറിയാം പിന്നല്ലേ പുനലൂര്‍ ചെങ്കോട്ട ലൈനിന്റെ കാര്യം!.റയില്‍ മന്ത്രിയായി ജാഫര്‍ ഷേറീഫ്‌ ഇരിക്കുന്ന കാലത്ത അനുമതിയായ ഈ പാത മാറ്റം ഇന്നും ഇഴഞ്ഞുനീങ്ങുന്നുവെന്നൈരിക്കേ രാമേശ്വരത്തെ പാമ്പന്‍ പാലത്തിലെ റെയില്‍ പാതയുടെ ഗേജുമാറ്റം യുദ്ധകാലാടിസ്ഥാനത്തില്‍ മുന്നേറുന്നത്‌ കണ്ട്‌ അന്തം വിടട്ടെ!
ഏന്തിയേ കേരളത്തില്‍ നിന്നുള്ള വായ തുറക്കത്ത ഒരു പ്രതിരോധമന്തരിയും ഒരു ദരിദ്രവാസൈ കാര്യ മന്തരിയും? ഇവരുടെയൊന്നും വായില്‍ നാക്കില്ലേ? സോണിയാജീയോടും രാഹുല്‍ജീയോടുമൊന്നും ഇവര്‍ക്കാര്‍ക്കും യാതൊരു സ്വാധീനവുമില്ലേ? അതോ കിട്ടുന്നതും വാങ്ങി നക്കി പറയുന്നതിനനുസരിച്ച്‌ കയ്യും പൊക്കിയിരിക്കുന്ന റാന്‍ മൂളികളാണോ ഇവരൊക്കെ? ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ റെയില്‍ വികസനത്തെ ബാധിക്കുന്ന തരത്തില്‍ കേരളത്തിനോട്‌ വിശ്വാസവഞ്ചന കാട്ടിയിട്ടും ഇവര്‍ക്കൊന്നും വായ തുറക്കാറായില്ലേ? സേലം ഡിവിഷന്‍ രൂപീകരിക്കരുതെന്നൊന്നും കോടതിയില്‍ വാദിച്ചതുതന്നെ കേരളത്തിന്റെ വാദമുഖം അംഗീകരിക്കാതിരിക്കാന്‍ ഏറ്റവും സഹായകമായി. ഇന്‍ഡ്യയില്‍ മേറ്റ്വിടെയും റെയില്‍വേ സോണോ, ഓഫീസുകളോ രൂപീകരിക്കരുതെന്നോ പറയാന്‍ നമുക്കെന്തവകാശം? ആവശ്യമുള്ളവര്‍ അങ്ങനെ പലതും രൂപീകരിക്കും , രൂപീകരിക്കണം, അതിനാണ്‌ തമിഴന്മാര്‍ അവരെ തിരഞ്ഞെടുത്ത്‌ അങ്ങോട്ട്‌ വിട്ടിരിക്കുന്നത്‌. കേരളത്തിനെറ്റ്‌ വികസനങ്ങളെ അതു ബാധികാതിരിക്കണമെന്നുമാത്രമേ നമുക്കാവശ്യപ്പെടാന്‍ ന്യായമുള്ളൂ. അല്ലെങ്കില്‍ കൂടുത്യല്‍ വികസനത്തിന്‍ ശ്രമിക്കാം(അതാവശ്യമുള്ളവന്‌) അല്ലതെ മറ്റുവല്ലവരും വല്ലതും നേടുന്നതിന്‌ അസൂയയോടെ കാണുകയല്ല. അത്‌ തമിഴ്ജനതയ്ക്ക്‌ കേരളീയരോടുള്ള മനോഭാവം മോശമാക്കാനേ ഉപകരിക്കൂ. വേണ്ടുന്ന രീതിയില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കേരളത്തിലെ കേന്ദ്രമന്ത്രിമാര്‍ക്കോ എം. പി മാര്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഏതെങ്കിലും ഒരു വോട്ടെടുപ്പില്‍ നിന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ലമെന്റില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള ആര്‍ജ്ജവമെങ്കിലും കേരള എം.പി മാര്‍ കാട്ടേണ്ടിയിരിക്കുന്നു. കരയുന്ന കുഞ്ഞിനേ പലുള്ളൂ അല്ലാതെ എല്ലാം ഇങ്ങോട്ട്‌ വന്ന് തനിയേ വായിലോട്ട്‌ കയറുമെന്ന് വിചാരിച്ച്‌ അങ്ങനെയിരുന്നാല്‍ ഇങ്ങനൊക്കെയിരിക്കും.

ഷാനവാസ്‌ ഇലിപ്പക്കുളം said...

മെലോഡിയസേ, മുകളിലെഴുതിയതൊന്നും താങ്കളോടാല്ല കേട്ടോ:) ഇതാലോചിച്ച്‌ ഇങ്ങനെ ചൊറിച്ചിലുണ്ടായിക്കൊണ്ടിരിക്കുമ്പോഴാണ്‌ പറ്റിയ ഒരു പോസ്റ്റ്‌ താങ്കളുടെ വകയായി കണ്ടത്‌ അതുകൊണ്ട്‌ മനസ്സില്‍ തോന്നിയത്‌ പറഞ്ഞുവെന്നേയുള്ളൂ. കമന്റെഴുതിയപ്പോള്‍ താങ്കളുടെ പോസ്റ്റിന്‍ക്കുറിച്ച്‌ പറയാന്‍ വിട്ടുപോയി, തികച്ചും അത്യാവശ്യമായിരുന്ന ഒരു പോസ്റ്റ്‌. ആശംസകള്‍!

കണ്ണൂസ്‌ said...

മെലോഡിയസ് എഴുതിയ പോലെ സേലം ഡിവിഷന്‍ വന്നാല്‍ കേരളത്തിന്‌ എന്തു നഷ്ടപ്പെടുമെന്നോ, പശ്ചിമ തീര സോണ്‍ കിട്ടിയാല്‍ എന്താണ്‌ നേട്ടമെന്നോ എനിക്ക് മനസ്സിലായില്ല. പുതിയ തീവണ്ടി, വികസന ബഡ്‌ജറ്റ്, തൊഴില്‍ സാധ്യതകല്‍ എല്ലാം മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ നടക്കില്ല എന്നിരിക്കെ, എന്താണ്‌ ഈ പ്രശ്നത്തിന്റെ കാതല്‍? അറിയുന്നവര്‍ പറഞ്ഞു തരുമല്ലോ.

പിന്നെ, റെയില്‍‌വേ കേരളത്തോട് അവഗണന കാണിക്കുന്നുവെന്നത് കുറേക്കാലമായി കേള്‍ക്കുന്ന ഒരു പരാതിയാണ്‌. റെയില്‍ വികസനം കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് നടപ്പാക്കേണ്ട ഒരു സംഗതിയാണ്‌. അതിന്‌ വ്യക്തമായ മാനദണ്ഡങ്ങളുമുണ്ട്. മാറി മാറി വന്ന എല്ലാ മന്ത്രിമാരും പറഞ്ഞിട്ടുള്ള ഒരു കാര്യമാണ്‌ കേരളത്തില്‍ പുതിയ ട്രെയിനുകള്‍, പാത ഇരട്ടിപ്പിക്കല്‍, മേല്പ്പാല നിര്‍മ്മാണം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യ വികസനത്തിനും തടസ്സം നില്‍ക്കുന്നത് സ്ഥലം ഏറ്റെടുത്ത് കൊടുക്കാനുള്ള കേരള സര്‍ക്കാരുകളുടെ കഴിവുകേട് കൊണ്ടാണെന്നത്. ഓരോ വര്‍ഷവും കേരളത്തിന്‌ ജനസംഖ്യാനുപാതികം ആയി അനുവദിക്കപ്പെടുന്ന സംഖ്യ നഷ്ടപ്പെട്ടു പോവുകയാണ്‌ ഉണ്ടാവുന്നത്. ഒരു കൊല്ലം വികസന പ്രവര്‍ത്തനത്തിന്‌ അനുവദിക്കുന്ന തുക ലാപ്സ് ആക്കുന്ന സംസ്ഥാനത്തിന്‌, പ്രത്യേക കാരണങ്ങള്‍ ഒന്നുമില്ലെങ്കില്‍, അടുത്ത കൊല്ലം അനുവദിക്കപ്പെടുന്ന തുകയില്‍ കുറവ് വരും. അത് ഒരു സാധാരണ ബഡ്‌ജറ്റിംഗ് രീതിയാണ്‌.

ഇരുപത് എം.പി.മാര്‍ വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല ഇത്. റെയില്‍‌വേ നേരിട്ട് ചെയ്യുന്ന വികസനങ്ങള്‍ പലതിന്റേയും (വൈദ്യുതീകരണം, കം‌പ്യൂട്ടര്വത്ക്കരണം, ലോക്കോമോട്ടീവ് സെന്ററുകള്‍, കോച്ച് ഫാക്റ്ററി തുടങ്ങി) ആദ്യ ഗുണഭോക്താക്കളില്‍ കേരളവും ഉണ്ടായിരുന്നെന്ന് ഓര്‍ക്കുക. നമ്മുടെ കണ്ണിലെ തടിയെടുത്തിട്ട് പോരേ, അന്യന്റെ കണ്ണിലെ കരടെടുക്കാന്‍?

കുതിരവട്ടന്‍ :: kuthiravattan said...

മുന്‍ കേന്ദ്ര റെയില്‍‌വേ സഹമന്ത്രിയുടെ അഭിപ്രായം വായിക്കൂ.

കേരളത്തിന്റെ എതിര്‍പ്പ് വൈകിയുദിച്ച വിവേകം
-----------------കേരളവിഷയത്തിന്റെ പേരില്‍ പാര്‍ലമെന്റ് ആദ്യമായി സ്തംഭിക്കാനിടയായ പ്രതിഷേധം വൈകിയുദിച്ച വിവേകം.

2004 ഇല്‍ സേലം ഡിവിഷന്‍ രൂപീകരണകാര്യം പാര്‍ലമെന്റില്‍ അറിയിച്ചപ്പോള്‍ കേരള എം‌പിമാര്‍ അംഗീകരിച്ചു. മധുര, ചെന്നൈ ഡിവിഷനുകള്‍ വിഭജിച്ചു സേലം ഡിവിഷന്‍ രൂപീകരിക്കാമെനൂ പാര്‍ലമെന്ററി ഉപസമിതി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

അതുവരെ പാലക്കാട് വിഭജിക്കുന്നതിനെക്കുറിച്ച് റെയില്‌വേ ആലോചിച്ചിരുന്നില്ല. കേരളം സ്വന്തമായി സോണ്‍ എന്ന ആവശ്യം ഉന്നയിച്ചപ്പോഴാണു പാലക്കാട് വിഭജനക്കാര്യം പുറത്തു വന്നത്. പാര്‍ലമെന്ററി ഉപസമിതി റിപ്പോര്‍ട്ട് കാറ്റില്‍ പറത്തി പാലക്കാട് ഡിവിഷന്‍ വിഭചിച്ചു സേലം ഡിവിഷന്‍ രൂപീകരിക്കാനാണ് റെയില്‌വേ തീരുമാനമെടുത്തത്.

അന്നും കേരളത്തിലെ ജനപ്രതിനിധികള്‍ എതിര്‍ത്തില്ല. ഇതിനിടെ കേരളം ഉയര്‍ത്തിയ സോണ്‍ ആവശ്യവും റെയില്‍‌വേ തള്ളി.........
...................

ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ ജനങ്ങളെ കബളിപ്പിക്കലാണെന്നും വേണ്ട സമയത്ത് വേണ്ടത് ചെയ്തില്ലെന്നുമാണ് ഞാനും മനസ്സിലാക്കിയത്.

കൂടുതല്‍ അറിയാന്‍ വായിക്കുക. കേരളത്തിന്റെ എതിര്‍പ്പ് വൈകിയുദിച്ച വിവേകം.

ജിം said...

പി സി തോമസിന്റെ ഇന്നലത്തെ പ്രകടനം കണ്ടപ്പോള്‍ പുച്ഛമാണ് തോന്നിയത്.
രണ്ടു വര്‍ഷമായി ഇതിനെക്കുറിച്ച് ഒരക്ഷരം പറയാന്‍ മെനക്കെടാതെ, ഉദ്ഘാടനം പ്രഖ്യാപിച്ച് നോട്ടീസുമടിച്ച് കഴിഞ്ഞ ശേഷം, എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ നടത്തിയ ഒരു നാടകം. അല്ലാതെന്ത്..?
ഞാനറിഞ്ഞിടത്തോളം, ഈ ഡിവിഷന്‍ മാറ്റം കൊണ്ട് പ്രത്യേക നഷ്ടങ്ങലൊന്നും മൊത്തത്തില്‍ കേരളത്തിനില്ല. വികസന പ്രവര്‍ത്തനങ്ങള്‍ ഇനി സേലം കേന്ദ്രീകരിച്ചായിരിക്കും എന്നു പറയുന്നതിലും കഴമ്പില്ല. പാലക്കാട് ഡിവിഷന്‍ ഇത്ര നാളും ഇവിടെയുണ്ടായിട്ടൂം, വികസനം എത്രമാത്രം ഉണ്ടായിരുന്നുവെന്ന് മുകളിലത്തെ പോസ്റ്റുകളില്‍ നിന്നും മനസ്സിലാക്കാമല്ലോ!
കുറെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റവും, യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അല്പം വീര്യവും കുറയാന്‍ സാദ്ധ്യത്യുണ്ട് എന്നു മാത്രം.
അതില്‍ പൊതുജനം ദു:ഖിക്കേണ്ട കാര്യമുണ്ടോ..?

സുരലോഗം || suralogam said...

തങ്ങള്‍ക്ക് ഒരു ഡിവിഷന്‍ വേണമെന്ന് വാദിക്കാന്‍ എല്ലാ അവകാശവും ഒരു സംസ്ഥാനത്തിന് ഉണ്ട്.അത് പക്ഷെ,മറ്റൊരു സംസ്ഥാനത്തിന്റെ ഡിവിഷനെ ബാധിക്കുന്ന രീതിലാകുന്നതാണ് പ്രശ്നം.ഡിവിഷന്‍ നിര്‍ണ്ണയം ഭാഷാ അടിസ്ഥാനത്തിലാക്കുകയാണെങ്കില്‍ അതേ മാനദണ്ഡം കൊണ്ടു തന്നെ ഒരു സോണിനുവേണ്ടി അവകാശവാദം ഉന്നയിക്കാന്‍ നമുക്കും അര്‍ഹതയുണ്ട്.
യഥാര്‍ത്ഥത്തില്‍ ഇന്‍ഡ്യന്‍ റയില്‍വേയെ സോണ്‍ അടിസ്ഥാനത്തില്‍ വിഭജിക്കുന്നതിനു പകരം സംസ്ഥാന അടിസ്ഥാനത്തിലാണ് വിഭജിക്കേണ്ടത്.ഇതു കൊണ്ട് ദേശീയോദ്ഗ്രഥനത്തിന് യാതൊരു കോട്ടവും വരാന്‍ പോകുന്നില്ല.ഇന്ന് തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ റെയില്‍വേ വികസനം കേരളത്തിലേതിനേക്കാള്‍ പരിതാപകരമായ അവസ്ഥയിലാണെന്നു തോന്നുന്നു.

മെലോഡിയസ് said...

കുതിരവട്ടന്‍: കേരളത്തില്‍ നിന്നുള്ളവരുടെ അംഗസംഖ്യ കുറവാണെന്നുള്ളത്‌ സമ്മതിച്ചു. പക്ഷേ, കാര്യം നേടണം എന്ന് ഉറച്ച വിശ്വാസവും ആത്മാര്‍ത്ഥതയും ഉണ്ടെങ്കില്‍ അംഗബലം ഒരു തടസമാണോ? കേന്ദ്രത്തില്‍ ഭരണം താങ്ങി നിറുത്തുന്നത്‌ തങ്ങളാണെന്ന് പറഞ്ഞ്‌ നടക്കുന്നവരുടെ ആളുകളാണ്‌ ഈ 20 പേരും എന്ന് ഓര്‍ക്കണം. അവര്‍ക്ക്‌ എന്ത്‌ കൊണ്ട്‌ തങ്ങളുടെ പാര്‍ട്ടി ( ഇടത്‌ പാര്‍ട്ടികള്‍) വഴി കാര്യം നേടിക്കൂടാ? എന്ത്‌ കൊണ്ട്‌ ഇടത്‌പാര്‍ട്ടി നേതാക്കളുടെ ശ്രദ്ധയില്‍ ഇവര്‍ ഇത്‌ പെടുത്തുന്നില്ല അല്ലെങ്കില്‍ അവരെ ഈ കാര്യത്തില്‍ ഇടപെടുവിക്കുന്നില്ല? തമിഴ്‌നാടിന്‌ 39 എം.പിമാര്‍ ഉണ്ടെങ്കില്‍ ഇടത്‌ പാര്‍ട്ടികള്‍ക്ക്‌ മാത്രം 59 എം.പിമാര്‍ ഉണ്ട്‌. ഇടത്‌ പാര്‍ട്ടികളെ എറ്റവും കൂടുതല്‍ സഹായിക്കുന്ന(സഹിക്കുന്ന) കേരളത്തിന്റെ കാര്യത്തില്‍ എന്ത്‌ കൊണ്ട്‌ നമ്മളുടെ എം.പിമാര്‍ ഇടപെടുവിക്കുന്നില്ല? പറയാന്‍ മാത്രമല്ല, അത്‌ പ്രവര്‍ത്തിച്ച്‌ കാണിക്കാനുള്ള ആര്‍ജ്ജവം കൂടെ വേണമെന്ന് ഞാന്‍ പറഞ്ഞത്‌ അത്‌ കൊണ്ട്‌ കൂടെയാണ്‌. ( ഞാന്‍ അങ്ങിനെ ചിന്തിച്ചു പോയി. പറഞ്ഞത് മണ്ടത്തരം ആണെങ്കില്‍ അത് പോലെ തിരിച്ചെടുക്കുന്നു )

ഷാനവാസ്‌: ഷാനാവാസിന്റെ അഭിപ്രായങ്ങളോട്‌ ഞാന്‍ യോജിക്കുന്നു. കേരളം റെയില്‍വേ വികസനത്തിന്റെ കാര്യത്തില്‍ ഇഴഞ്ഞ്‌ നീങ്ങുമ്പോള്‍ തമിഴ്‌നാട്‌ ആ കാര്യത്തില്‍ കുതിക്കുന്നു. അത്‌ അവരുടെ തിണ്ണമിടുക്കിന്റെ വിജയം. ഇപ്പോള്‍ മന്ത്രി വേലുവിരിക്കുന്ന കസേരയില്‍ കേരളത്തില്‍ നിന്നുള്ള ഒരാളു ഇരുന്നതാണ്‌. അന്ന് ഇപ്പോള്‍ വേലു കാണിക്കുന്ന ആര്‍ജ്ജവത്തിന്റെ അല്‍പമെങ്കിലും അയാള്‍ കാണിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും കരുതിയിട്ടുണ്ട്‌.

കണ്ണൂസ്‌: കേരളത്തിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച്‌ കൊടുക്കേണ്ടത്‌ നമ്മുടെ സംസ്ഥാനം തന്നെ. അതില്‍ ഈ എം.പിമാര്‍ വിചാരിച്ചാല്‍ നടക്കില്ല എന്നു പറയുന്നതിനോട്‌ എനിക്ക്‌ യോജിക്കാനവുന്നില്ല. തങ്ങളുടെ മണ്ഡലത്തില്‍ നടത്തേണ്ട വികസനങ്ങളില്‍ പ്രധാന പങ്ക്‌ വഹിക്കേണ്ടവരാണ്‌ എം.പിമാരും എം.എല്‍.എ മാരും. തങ്ങളുടെ മണ്ഡലത്തില്‍ വികസനത്തില്‍ പിന്നോക്കം പോകുകയാണെങ്കില്‍ അത്‌ സംസ്ഥാന സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തേണ്ട ഉത്തരവാദിത്വം അവര്‍ക്കില്ലേ? റെയില്‍വേ അനുവദിക്കുന്ന ഫണ്ട്‌ തങ്ങളുടെ മണ്ഡലത്തില്‍ ഫലപ്രദമായി സംസ്ഥാന സര്‍ക്കാറില്‍ നിന്നും വാങ്ങിയെടുക്കാന്‍ ഇവര്‍ക്ക്‌ യാതൊരു ഉത്തരവാദിത്വം ഇല്ലേ? അതിന്‌ മുന്‍കൈ എടുക്കാന്‍ ഇവര്‍ക്കാവില്ലേ? റെയില്‍വേ ഫണ്ട്‌ ലാപ്സാക്കുന്നതില്‍ ഇവര്‍ക്കും കുറച്ചൊക്കെ ഉത്തരവാദിത്വമില്ലേ?

ജിം: താങ്കള്‍ ചിന്തിച്ചത്‌ പോലെയാണ്‌ ഞാനും ചിന്തിച്ചത്‌. കുറച്ചേയുള്ളു എങ്കിലും അത്‌ മര്യാദക്ക്‌ കൊണ്ട്‌ നടക്കാന്‍ കഴിയണം. അത്‌ കൊണ്ട്‌ ജനങ്ങള്‍ക്കും ഉപകാരമുണ്ടാകണം. അത്ര മാത്രം.

സുരലോകം പറഞ്ഞത്‌ പോലെ സംസ്ഥാന അടിസ്ഥാനത്തില്‍ വിഭജിക്കുന്നത്‌ നല്ല ആശയമാണെങ്കിലും കേരളത്തിന്റെ കാര്യം പിന്നെയും കഷ്ട്ടമാകില്ലേ എന്നെ ചിന്ത ഇല്ലാതെയില്ല.

ഷാനവാസ്‌ ഇലിപ്പക്കുളം said...
മെലോഡിയസേ, മുകളിലെഴുതിയതൊന്നും താങ്കളോടാല്ല കേട്ടോ:)

എനിക്കങ്ങനെ ഒരു ചിന്ത വന്നിട്ടെയില്ല ഷാനവാസ്‌. ഞാന്‍ ഈ ബ്ലോഗ്‌ ഉണ്ടാക്കിയത്‌ കാര്യമാത്ര പ്രസക്തമായ എന്തെങ്കിലും വേണം എന്ന് കരുതി തന്നെയാണ്‌. അനുകൂലമായാലും പ്രതികൂലമായാലും ആര്‍ക്കും ഇവിടെ വന്ന് പറയാം. ആരോഗ്യപരമായ ആശയ സംവാദത്തിലൂടെയേ പുതിയ കാര്യങ്ങള്‍ അറിയാനും അത്‌ പങ്ക് ‍വെക്കുവാനും കഴിയൂ എന്ന് വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍.
എന്നെ കൊണ്ട്‌ പറ്റുന്നത്‌ പോലെ ഞാന്‍ ഈ ബ്ലോഗ്‌ കൊണ്ട്‌ നടക്കും. അത്ര തന്നെ :)