മലബാറുകാര്‍ തങ്ങളുടെ സ്വപ്നപദ്ധതികളിലൊന്നായി കണ്ടിരുന്ന കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് അവര്‍ക്ക് ഇപ്പോള്‍ കിട്ടികൊണ്ടിരിക്കുന്ന തിക്താനുഭവങ്ങളില്‍ രോഷം കൊള്ളാന്‍ തുടങ്ങിയിട്ട് നാളേറെയായി. എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും കുത്തകയാക്കി കയ്യടക്കി വെച്ചിരിക്കുന്ന ഈ എയര്‍പോര്‍ട്ട്, അവരുടെ കെടുകാര്യസ്ഥത മൂലം മുഖ്യമായും ദുരിതമനുഭവിക്കുന്നത് മലബാര്‍ മേഖലയിലെ പാവം ഗള്ഫുകാരനാണെന്നതാണ് എറ്റവും വിഷമമുണ്ടാക്കുന്ന കാര്യം.
1992 മുതല്‍ അന്താരാഷ്ട്ര സര്‍വീസ് കരിപ്പൂരില്‍ നിന്നുമുണ്ട്. ഇത്രയും കാലമായിട്ട്, അവിടെ നിന്നുള്ള യാത്രക്കാരെ ഊറ്റുക എന്നല്ലാതെ സാധാരണക്കാര്‍ക്ക് ഉപകാരപ്പെടുന്ന എന്തെങ്കിലും ചെയ്യുവാന്‍ ഇതു വരെ ഇന്ത്യന്‍ വെള്ളാനകളായ രണ്ട് എയര്‍ലൈന്‍സുകളും ( ഇപ്പോള്‍ ഒന്ന്, ഇന്ത്യനും എയര്‍ ഇന്ത്യയും ലയനം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു) ഇന്ത്യന്‍ വ്യോമയാന മന്ത്രാലയമോ ഒന്നും ചെയ്യുന്നില്ല. കാരണം, ഈ എയര്‍ലൈനുകള്‍ക്ക് ഏറ്റവും ലാഭമുണ്ടാക്കി കൊടുക്കുന്ന ഒരു സെക്റ്ററാണ് കേരള-ഗള്‍ഫ് സെക്റ്റര്‍ . അതില്‍ തന്നെ കോഴിക്കോട്-ഗള്‍ഫ് റൂട്ട്.
കരിപ്പൂരില്‍ നിന്ന് 1992 മുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ഉണ്ടെങ്കിലും എയര്‍പോര്‍ട്ടിന് അന്താരാഷ്ട്ര പദവി കിട്ടിയത് പത്ത് കൊല്ലം കഴിഞ്ഞ് മാത്രം. അതിന് അവര്‍ കാരണം പറഞ്ഞത്, അന്താരാഷ്ട്ര പദവി കിട്ടാന്‍ റണ്‍വേക്ക് 9000 അടിയെങ്കിലും വേണമെന്നാണ്. റണ്‍വേ വികസനത്തിനും മറ്റു അനുബന്ധ കാര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും ഒരു പാട് മലബാറുകാര്‍ നാട്ടിലും വിദേശത്തും വളരെയധികം ബുദ്ധിമുട്ടിയിട്ടുണ്ട്. റണ്‍വേ വികസനത്തിനും മറ്റും ആയി എടുത്ത 60 കോടിയും അതിന്റെ പലിശയും ഹഡ്കോക്ക് തിരിച്ച് നല്‍കിയത് ഗവണ്മെന്റൊ അല്ലെങ്കില്‍ മറ്റ് ഗവണ്മെന്റ് ഏജന്‍സികളോ അല്ല. നാട്ടില്‍ നിന്ന് തിരിച്ച് പോകാന്‍ വേണ്ടി വിമാനം കയറാന്‍ എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ അവിടെ "യൂസേഴ്സ് ഫീ" എന്ന പേരില്‍ ഊറ്റുന്ന പൈസ കൊണ്ടാണ് ഈ ബാധ്യതയത്രയും തിരിച്ചടച്ചത്.
ഇതെല്ലാം 2001ല്‍ പണി പൂര്‍ത്തികരിച്ചുവെങ്കിലും അന്താരാഷ്ട്ര പദവി കിട്ടാന്‍ പിന്നെയും അഞ്ച് വര്‍ഷം കാത്തിരിക്കേണ്ടി വന്നു.അന്താരാഷ്ട്ര പദവി കൈവന്നിട്ടും അതിന്റെ ഗുണം ഇത് വരെ യാത്രക്കാര്‍ക്ക് കിട്ടിയിട്ടില്ല. ഒരു അന്താരാഷ്ട്ര എയര്‍ലൈനും കരിപ്പൂരിലേക്ക് സര്‍വീസ് നടത്താന്‍ വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയില്ല.സാര്‍ക്ക് രാജ്യങ്ങള്‍ തമ്മിലുള്ള ഉടമ്പടി പ്രകാരം സര്‍വീസ് നടത്തുന്ന ശ്രീലങ്കന്‍ ആണ് ഇതിനൊരു അപവാദം. അത് യാത്രക്കാര്‍ക്ക് കുറച്ചൊരു ആശ്വാസമാണു താനും.
2001നു ശേഷം ഇന്ത്യയിലെ മറ്റ് എയര്‍പോര്‍ട്ടുകളായ ബാംഗ്ലൂര്‍ , ഹൈദരാബാദ്, അഹമ്മാദാബാദ്,അമൃത്സര്‍ ,ഗുവാഹത്തി എന്നിവക്കൊക്കെ വ്യോമയാന മന്ത്രാലായം അന്താരാഷ്ട്ര പദവി ചാര്‍ത്തി കൊടുത്തു.ആ കാലത്ത്, ഹൈദരാബാദിനേക്കാളും കൂടുതല്‍ യാത്രക്കാരെ കൈകാര്യം ചെയ്തിരുന്ന കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിന് അന്താരാഷട്രപദവി കിട്ടണമെന്ന ആവശ്യം ന്യായമായിരുന്നു.പിന്നീട് 2004ല്‍ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ കരിപ്പൂരിന്റെ നാലയലത്ത് പോലും എത്താതിരുന്ന നാഗ്പൂരിന് അന്താരാഷ്ട്ര പദവി കൊടുത്തപ്പോഴും കരിപ്പൂരിനെ അവഗണിക്കുകയായിരുന്നു. അവസാനം 2006ലാണ് ജെയ്പൂര്‍ എയര്‍പോര്‍ട്ടിനൊപ്പം കരിപ്പൂരിനും അന്താരാഷ്ട്ര പദവി നല്കി. അന്താരാഷ്ട്ര പദവി ലഭിച്ചാല്‍ വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കേണ്ടതാണ്. ജെയ്പൂരില്‍ അത് നടക്കുകയും ചെയ്തു. ഷാര്‍ജയില്‍ നിന്ന് ജെയ്പൂരിലേക്ക് സര്‍വീസ് നടത്താന്‍ എയര്‍ അറേബ്യക്ക് അനുമതി നല്കിയപ്പോള് കരിപ്പൂരിലേക്ക് സര്‍വീസ് നടത്താനുള്ള അനുമതി വ്യോമയാന മന്ത്രാലയം നിഷ്കരുണം തള്ളി. നാഗ്പൂര്‍ , ജെയ്പൂര്‍ ,ഗുവാഹത്തി എന്നീ എയര്‍പോര്‍ട്ടുകള്‍ക്ക് അന്താരാഷ്ട്ര പദവി ലഭിക്കുന്നത് ഈ എയര്‍പോര്‍ട്ടുകളില്‍ നിന്ന് ഒരു ഒറ്റ അന്താരാഷ്ട്ര സര്‍വീസുകള്‍ പോലും നടത്താതെയാണ്. അതെ സമയം, കരിപ്പൂരില്‍ നിന്ന് ദിനേന 2000നും 3000നും ഇടക്ക് വിദേശയാത്രക്കാര്‍ ഉണ്ടായിരുന്നു എന്നു കൂടി ഇതിനോട് കൂട്ടിവായിക്കണം.
വിദേശ വിമാന കമ്പനികള്‍ കരിപ്പൂരിലേക്ക് സര്‍വീസ് നടത്താന്‍ കാലങ്ങളായി അനുമതി തേടി കൊണ്ടിരിക്കുന്നു. ഇത്തിഹാദ്, എമിറേറ്റ്സ്, ഒമാന്‍ എയര്‍,ഖത്തര്‍ എയര്‍വേസ്,കുവൈത്ത് എയര്‍വേസ്, എയര്‍ അറേബ്യ എന്നിവ കാലങ്ങളായി അനുമതിക്കായി കാത്തിരിക്കുന്നതു. ഇതിന്റെ ഇടക്ക് കുവൈത്ത് അധികൃതര്‍ മാത്രമാണ് കുറച്ച് ഭീഷണി മുഴക്കിയത്. പക്ഷേ, അവര്‍ക്ക് മറ്റുള്ള സെക്റ്ററുകളിലേക്ക് കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചും, കരിപ്പൂരിനെ മാറ്റി നിര്‍ത്തി പകരം അവര്‍ക്ക് ബാംഗ്ലൂരിലേക്കും ചെന്നൈയിലേക്കും സര്‍വീസ് നടത്താന്‍ അനുമതി നല്കി വ്യോമയാന മന്ത്രാലയം കൈകഴുകി.
എയര്‍ ഇന്ത്യയുടെയും ഇന്ത്യന്റെയും കുത്തക റൂട്ടായ കരിപ്പൂര്‍-ഗള്‍ഫ് സെക്റ്റര്‍ വിട്ട് കൊടുക്കാതിരിക്കാന്‍ അവര്‍ പരമാവധി ശ്രമിക്കുന്നു. എന്നാല്‍ , അതിനു തക്ക സര്‍വീസ് ഈ എയര്‍ലൈനുകള്‍ നല്കുന്നുണ്ടോ? അതില്ല. വിമാനം പുറപ്പെടാന്‍ വൈകാത്ത ഒരു ദിവസം പോലും അവിടെ കാണില്ല. ഈയിടെ അത് അല്പം ഭീകരമായിരുന്നു. ജിദ്ദയിലേക്കുള്ള വിമാനം 30 മണിക്കൂറും, കുവൈത്തിലേക്കുള്ള വിമാനം 45 മണിക്കൂറുമാണ് വൈകിയത്. ഇത് മൂലം യാത്രക്കാര്‍ക്ക് ഉണ്ടായ നഷ്ട്ടം വളരെ വലുതാണ്. കുവൈത്തിലേക്കുള്ള 3 യാത്രക്കാരുടെ ജോലി തന്നെ നഷ്ട്ടപ്പെട്ടു എന്ന് കേള്‍ക്കുന്നു. എന്നാല്‍ അതിനുള്ള നഷ്ട്ടപരിഹാരം ഇവര്‍ നല്‍കുമോ? അതുമില്ല. എന്ത് ചോദിച്ചാലും മറുപടി ഒന്നേയുള്ളു.."സാങ്കേതിക തകരാര്‍". എന്നാല്‍ പഴക്കം ചെന്ന വിമാനങ്ങള്‍ മാറ്റുന്നുമില്ല. ഉള്ളതില്‍ എറ്റവും പഴക്കം ചെന്ന വിമാനങ്ങളാണ് എയര്‍ ഇന്ത്യ ( എക്സ്പ്രസ് അല്ല) ജിദ്ദയിലേക്കും, ദമാമിലേക്കും, കുവൈത്തിലേക്കും കരിപ്പൂരില്‍ നിന്ന് പറത്തുന്നത്. പുതിയ വിമാനങ്ങള്‍ എയര്‍ ഇന്ത്യയിലേക്ക് വന്നു തുടങ്ങിയിട്ടുണ്ടെങ്കിലും അതൊന്നും ഈ സെക്റ്ററില്‍ ഉപയോഗിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറല്ല. അതൊക്കെ യൂറോപ്പ്, നോര്‍ത്ത് അമേരിക്കന്‍ സെക്റ്ററില്‍ ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ ആ സെക്റ്ററില്‍ അതിനു തക്ക ലാഭം എയര്‍ ഇന്ത്യക്ക് കിട്ടുന്നുണ്ടോ എന്ന കാര്യം സംശയമാണ്.
എയര്‍ ഇന്ത്യയുടെ ചിലവ് കുറഞ്ഞ( ആര്‍ക്ക് കുറഞ്ഞു? എയര്‍ ഇന്ത്യക്ക് ചിലവ് കുറഞ്ഞു) വിമാന സര്‍വീസ് എന്ന ഓമന പേരില്‍ നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കാര്യം ഇതിലും കഷ്ട്ടം. ചിലവ് കുറവ് അവര്‍ക്കാണെന്ന് മാത്രം. യാത്രക്കാര്‍ക്ക് അതിന്റെ യാതൊരു ഗുണവും കിട്ടുന്നുമില്ല. വിമാനം വൈകിയാല്‍ , അല്ലെങ്കില്‍ ക്യാന്‍സല്‍ ചെയ്താല്‍ , ബോര്‍ഡിംഗ് പാസ് എടുത്തിട്ടുണ്ടെങ്കില്‍ ഹോട്ടല്‍ താമസം കൊടുക്കണമെന്നാണ് ചട്ടം.പക്ഷേ എയര്‍ ഇന്ത്യ എക്സ്പ്രസിന് അതൊന്നും ബാധകമല്ല. കാരണം, ചിലവ് കുറഞ്ഞ സര്‍വീസല്ലേ. ഇത്രയൊക്കെ മതിയെന്ന് അവരും കരുതി കാണും. കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കാര്യവും വ്യത്യസ്ഥമല്ല. മിക്കപ്പോഴും വിമാനം വൈകലാണ്. അതിനും കാരണം മിക്കപ്പോഴും വിമാന തകാരാറാണ്. എയര്‍ ഇന്ത്യ എക്സ്പ്രസിന് പുതിയ വിമാനങ്ങളാണ് ഉപയോഗിക്കുന്നതെന്ന് ഓര്‍ക്കണം.
എന്തായാലും ഇതിനൊരു അറുതി വരുമെന്ന് പ്രത്യാശിക്കാം. ജെറ്റ് എയര്‍വേസിന് കേരളത്തില്‍ നിന്നു സര്‍വീസ് നടത്താന്‍ അനുമതി ആയിട്ടുണ്ട്. ജനുവരി ഒന്ന് മുതല്‍ അവര്‍ക്ക് കരിപ്പൂരില്‍ നിന്ന് ദോഹ,മസ്കറ്റ്,ദുബൈ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി കിട്ടിയതായി അറിയുന്നു. അത്രയെങ്കിലും നല്ലത്. യാത്രാക്കൂലിയുടെ കാര്യത്തില്‍ എന്തായാലും എയര്‍ ഇന്ത്യയോട് ജെറ്റ് എയര്‍വേസ് മത്സരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അവരുടെ മറ്റു അന്തര്‍ദ്ദേശിയ സര്‍വീസുകള്‍ എല്ലാം വളരെ മെച്ചമുള്ളതാണെന്ന് അഭിപ്രായം കേട്ടിരുന്നു.എയര്‍ ഇന്ത്യ കുത്തകയാക്കി വെച്ചിരുന്ന പല സെക്റ്ററിലും അവര്‍ മെച്ചപ്പെട്ട പ്രകടനം നടത്തുന്നു എന്ന് കേള്‍ക്കുന്നു. എന്തായാലും ജെറ്റ് എയര്‍വേസിന്റെ കടന്ന് വരവ് കരിപ്പൂരില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആശ്വസമാകും എന്നു വിശ്വസിക്കാം. ഇനി ഇവരും എയര്‍ ഇന്ത്യയുടെ ചുവട് പിടിച്ച് ഗള്‍ഫ് യാത്രക്കാരെ പിഴിയുമോ?
വിവരങ്ങള്‍ക്ക് കടപ്പാട്: മാധ്യമം ദിനപ്പത്രം.
Monday, September 24, 2007
കരിപ്പൂര്‍ എയര്‍പോര്‍ട്ടും, എയര്‍ ഇന്ത്യയുടെ “കുസൃതികളും”
കുറിച്ച് വെച്ചത്
മെലോഡിയസ്
, കുറിച്ച് വെച്ച തിയ്യതിയും സമയവും
9/24/2007 12:42:00 PM
13 comments:
ഇതിലേക്കുള്ള കൊളുത്തുകള്‍


സൂചികകള്‍
എയര്‍ ഇന്ത്യ,
കരിപ്പൂര്‍ എയര്‍പോര്‍ട്ട്.
Subscribe to:
Posts (Atom)