Monday, November 5, 2007

ഇക്കാസിന്റെ വിവാഹവും, എന്റെ ചില ചിന്തകളും.

ഇക്കാസിന്റെ വിവാഹം മംഗളമായി തന്നെ നടന്നു. സര്‍വ്വശക്തന്‍ ഇക്കാസിനും ജാസൂട്ടിക്കും സകല ഐശ്വര്യങ്ങളും നല്‍കട്ടെ

ഇവിടെ ഇപ്പോള്‍ ഈ പോസ്റ്റിടാന്‍ കാരണം ഇക്കാസിന്റെ വിവാഹവും അത് നടന്ന രീതിയുമാണ്. പങ്കെടുത്തതില്‍ എനിക്ക് സംതൃപ്തി നല്‍കിയ വിവാഹങ്ങളിലൊന്ന്. സംതൃപ്തി നല്‍കിയത് അതിന്റെ ലാളിത്യം കൊണ്ട് മാത്രം. ഈയിടെ ഞാന്‍ പങ്കെടുത്ത ഒരു വിവാഹവും ഇതും താരതമ്യ പെടുത്തിയാല്‍ എനിക്ക് തിരഞ്ഞെടുക്കേണ്ടി വരിക ഇക്കാസിന്റെ വിവാഹമായിരിക്കും. ഇങ്ങനെയൊരു കാര്യത്തിന് മുന്‍‌കൈ എടുത്തതിന് ഇക്കാസ് പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നു.


ഈയിടെ ഞാന്‍ തൃശ്ശൂര്‍ വെച്ച് ഒരു വിവാഹത്തില്‍ പങ്കെടുത്തിരുന്നു. പയ്യന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് രണ്ടടി നടക്കാവുന്ന ദൂരമേയുള്ളു . അവിടേക്ക് കല്യാണ ചെക്കന്‍ വരുന്നത് കുതിര വണ്ടിയില്‍ . പിന്നെ പെണ്ണിനെ നോക്കീട്ട് കാണാനില്ല. പെണ്ണിനെ കാണണേല് മാനത്തേക്ക് നോക്കണം. അതായത് നേരേ മോളില്‍ കിടന്ന് കറങ്ങുന്നു. അതില്‍ പെണ്ണ് മാത്രം ഇരുന്ന് വട്ടം കറങ്ങുന്നു.. അതും പോരാഞ്ഞിട്ട് വീഡിയോ ഒക്കെയുണ്ട്. പക്ഷെ അത് പിടിക്കാന്‍ ക്രെയിനും കൊടച്ചക്രവും എല്ലാം. എല്ലാം കൂടെ എതാണ്ട് ഒരു ഫിലിം ഷൂട്ടിങ്ങ് സെറ്റില്‍ എത്തിയ പോലെ ഒരു ബഹളം. അതും ഇക്കാസിന്റെ വിവാഹവും തട്ടിച്ച് നോക്കുമ്പോള്‍ ഏറ്റവും ആശ്വാസകരം ഇക്കാസിന്റെ വിവാഹം തന്നെ.


ഒരു വിവാഹം എന്നൊക്കെ പറഞ്ഞാല്‍ പുതിയ ആളുകളെ കാണുവാനും അവരെ പരിചയപ്പെടുവാനും പിന്നെ പഴയ ആളുകളോട് ഒന്നു കൂടെ സൌഹൃദം പുതുക്കുവാനും വേണ്ടിയാകണമെന്നാണ് എന്റെ അഭിപ്രായം. നേരത്തെ ഞാന്‍ പറഞ്ഞ കല്യാണങ്ങള്‍ക്ക് ഇങ്ങനൊരു കാര്യം ചെയ്യാന്‍ പറ്റുമോയെന്ന് എനിക്ക് സംശയമുണ്ട്. എന്റെ അനുഭവത്തില്‍, ഇല്ലാ എന്ന് തന്നെ പറയേണ്ടി വരും.


ഇങ്ങനെ വലിയ ആര്‍ഭാടപൂര്‍വ്വമായ വിവാഹങ്ങള്‍ നടത്തുമ്പോള്‍ അതേറ്റവും കൂടുതല്‍ ബാധിക്കുന്നത് സമൂഹത്തിലെ മധ്യവര്‍ഗ്ഗ കുടുംബങ്ങളെയായിരിക്കും. പിന്നെ കുറച്ച് പാവപ്പെട്ടവരേയും. കാരണം, മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ക്കാണല്ലോ തീരെ തരം താഴാനും വയ്യ എന്നാല്‍ സമ്പന്നര്‍ ചെയ്യുന്നത് പോലെ ചെയ്യണമെന്നുമുള്ള ഒരു അസ്‌കിത കൂടുതലുള്ളത്. അവര്‍ ഇങ്ങനെ വരുമ്പോള്‍ ഉള്ള കടവും പേറി ഇതൊക്കെ നടത്തും. എന്നിട്ട് കുറച്ച് കാലം കഴിയുമ്പോള്‍ കുടുംബം കൂട്ടത്തോടെ പത്രത്തില്‍ പടമാവുകയും ചെയ്യും ( എല്ലാ പടമാവുന്നതിലും വിവാഹമാണെന്ന് ഇത്കൊണ്ട് അര്‍ത്ഥമാക്കുന്നില്ല. ) ഞാന്‍ പറഞ്ഞ് വന്നത്, കല്യാണത്തിന് ക്ഷണിക്കുന്നവര്‍ മിക്കവരും വരും, കല്യാണവും കൂടി അവര്‍ പോകും..അതോടെ മിക്കവരുടെയും മനസില്‍ നിന്ന് ആ ചടങ്ങ് തന്നെ മാഞ്ഞ് പോകും. നമ്മള്‍ ആര്‍ഭാടമായിട്ട് കല്യാണവും നടത്തും. കല്യാണം കൊള്ളാമെന്ന് അവര്‍ ഒരു കമന്റും പാസ്സാക്കി നമ്മള്‍ ക്ഷണിച്ചവര്‍ അവരുടെ വഴിക്ക് പോകും. കൂടുതല്‍ ധൂര്‍ത്ത് കാണിച്ച്, ഇല്ലാത്ത പണകൊഴുപ്പ് കാണിക്കണൊ? പിന്നെ പാട് പെടുന്നത് കുടുംബാംഗങ്ങളായിരിക്കും.


ഇതിനൊക്കെയിടലും കുറച്ച് ചെറുപ്പക്കാരും കുടുംബാംഗങ്ങളും ഉണ്ടെന്നുള്ളത് വളരെ ആശ്വാസം തന്നെ. കൂടുതല്‍ പേര്‍ ഈ വഴിയേ ചിന്തിക്കുമെന്ന് പ്രതീക്ഷിക്കാം.

ഇനി ഇതൊക്കെ വായിച്ചിട്ട് കാശുള്ളവര്‍ അവര്‍ക്ക് തോന്നിയത് പോലെ ചെയ്യട്ടെ. കാശുള്ളത് കൊണ്ടല്ലേ അവര്‍ അങ്ങിനെ ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ ..എനിക്കുള്ള മറുപടി, നമ്മളെല്ലാവരും സാമൂഹ്യ ജീവിയാണ്. ( അല്ലേ? ) അപ്പോള്‍ നമുക്ക് സമൂഹത്തോടും ഒരു പ്രതിബദ്ധതയില്ലേ? അടുത്ത ഉയര്‍ന്ന് വരാനുള്ള ചോദ്യം, ഇതൊക്കെ നിന്റെ കുടുംബത്തും പ്രാവര്‍ത്തികമാക്കുമോ എന്ന് ചോദിച്ചാല്‍, നടത്തും എന്നേ പറയൂ. അത് പോലൊന്ന് രണ്ടാഴ്ച മുന്‍പ് നടത്തിയതേയുള്ളു.

18 comments:

മെലോഡിയസ് said...

കല്യാണം കൂടി കഴിഞ്ഞ് വന്നപ്പൊള്‍ തോന്നിയതാ..അങ്ങ് ക്ഷമി!!

അഞ്ചല്‍ക്കാരന്‍ said...

വിവാഹിത്തിന്റെ ധൂര്‍ത്ത് അവസാനിപ്പിക്കേണ്ടത തന്നെ. ഭാരതത്തിന്റെ സ്ഥിതി പോകട്ടെ. കേരളത്തില്‍ നടത്തുന്ന ചില വിവാഹങ്ങളില്‍ കത്തിച്ച് കളയുന്ന പണമുണ്ടെങ്കില്‍ പണത്തിന്റെ കുറവു കൊണ്ട് മാത്രം മംഗല്യ ഭാഗ്യം സ്വപ്നം പോലും കാണാന്‍ പാങ്ങില്ലാത്ത മുഴുവന്‍ യുവതികളുടേയും വിവാഹം ലളിതമായി നടത്താന്‍ കഴിയും. കത്തിച്ചു കളയാന്‍ മാറ്റി വക്കുന്ന പണം ഉപയോഗിച്ച് ആ ഒരു നന്മ ചെയ്യാന്‍ കഴിയുമെങ്കില്‍ അതില്‍ പരം മറ്റെന്ത് ആര്‍ഭാടമാണ് വിവാഹത്തില്‍ കാട്ടാന്‍ കഴിയുക. അതൊക്കെ ആര് ചിന്തിക്കാന്‍.

അല്ല മെലോഡിയോസേ ഇക്കാസ് ജാസൂട്ടി വിവാഹം ആര്‍ഭാട രഹിതമായിരുന്നു എന്ന് ആരാ‍ പറഞ്ഞേ? ആര്‍ഭാടമൊക്കെ ബൂലോകത്തല്ലായിരുന്നോ? ഇത്തരമൊരു കല്യാണം ജന്മത്ത് കൂടാന്‍ കഴിഞ്ഞിട്ടിണ്ടോ? ടാന്‍സാനിയാ മുതല്‍ ഭരണങ്ങാനം വരെ എത്ര പേരാ കല്യാണത്തിനെത്തിയത്. അതൊരു ഭാഗ്യം തന്നാണേ..

കലേഷ് കുമാര്‍ said...

നന്നായി പോസ്റ്റ്!

ശ്രീ said...

“ഒരു വിവാഹം എന്നൊക്കെ പറഞ്ഞാല്‍ പുതിയ ആളുകളെ കാണുവാനും അവരെ പരിചയപ്പെടുവാനും പിന്നെ പഴയ ആളുകളോട് ഒന്നു കൂടെ സൌഹൃദം പുതുക്കുവാനും വേണ്ടിയാകണമെന്നാണ് എന്റെ അഭിപ്രായം.”

അതേ അഭിപ്രായം തന്നെ, എനിക്കും.

:)

കൊച്ചുത്രേസ്യ said...

നല്ല ചിന്തകള്‍ മെലോഡീ..കൈമോശം വരാതെ സൂക്ഷിക്കുക..

ശ്രീ ഹൈലൈറ്റ്‌ പോയിന്റ്സിനോടിന്റെ കൂടെ ഭക്ഷണത്തിന്റെ കാര്യവും ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നു-നാരങ്ങാവെള്ളോം ഗ്ലൂക്കോസ്‌ ബിസ്കറ്റുമായാലും മതി..പക്ഷെ അതെങ്കിലും വേണം ;-)

ഇത്തിരിവെട്ടം said...

കഴിഞ്ഞ വര്‍ഷം വെക്കേഷന് ഒരു സുഹൃത്തിന്റെ വീട്ടില്‍ വിവാഹത്തിനെത്തിയ ഞാന്‍ അത്ഭുതപ്പെട്ടത് കഴിക്കാനായി കൊണ്ടു വന്ന വിവിധ ഇനം ഭക്ഷണങ്ങള്‍ കണ്ടാണ്. ഒരു വ്യക്തിക്ക് കഴിക്കാനുള്ളതിലും കൂടുതല്‍ കഴിക്കാനാവാതെ നേരിട്ട് വേസ്റ്റ് ബോക്സിലേക്ക് പോകുന്ന അവസ്ഥ.


തിരിച്ചിറങ്ങുമ്പോള്‍ കൂടെയുണ്ടായിരുന്ന ഒരു സുഹൃത്ത് ചൂണ്ടിക്കാണിച്ചു അപ്പോഴും പുക ഉയരുന്ന ഒരു കൊച്ചു കൂര... അവന്‍ കൂട്ടി ചേര്‍ത്തു... മിക്കവാറും ആ കൂരയിലെ പാവങ്ങള്‍ക്ക് ഈ വിവാഹത്തില്‍ പങ്കെടുക്കാനുള്ള സ്റ്റാറ്റസ്സ് കാണില്ലെന്ന്.

പിന്നെ അവന്‍ സംസാരിച്ചത്... ദിനേന വര്‍ദ്ധിച്ച് വരുന്ന വിവാഹ മോചനങ്ങളെ കുറിച്ചായിരുന്നു.

അഞ്ചല്‍ പറഞ്ഞ ഒരു കാര്യത്തിന് അടിവരയിടുന്നു. കേരളത്തിലെ വിവാഹ മാമാങ്കങ്ങള്‍ക്ക് ഒഴുക്കുന്ന പണമുണ്ടെങ്കില്‍ എത്രയോ പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം ഭംഗിയായി നടത്താമായിരുന്നു.

നല്ല ചിന്ത.

അപ്പു said...

മെലോഡിയസേ... പോസ്റ്റെനിക്ക് ഇഷ്ടമായി. ഇക്കാസ് വിവാഹസല്‍ക്കാര ചടങ്ങുകള്‍ ലളിതമാക്കി എന്നറീഞ്ഞതിലും വളരെ സന്തോഷം. അതൊക്കെ എങ്ങനെയായിരുന്നു എന്നൊരു ചെറുവിവരണംകൂടീ ഇവിടെ പറയാമായിരുന്നില്ലേ?

ആവനാഴി said...

പൂര്‍ണ്ണമായും യോജിക്കുന്നു. ധൂര്‍ത്തൊഴിവാക്കിക്കൊണ്ടുള്ള വിവാഹാഘോഷങ്ങളാണു ഏറ്റവും ഉചിതം. അഞ്ചല്‍ പറഞ്ഞതുപോലെ ധൂര്‍ത്തടിക്കുന്ന പണത്തിന്റെ ഒരു ഭാഗം പണമില്ലാത്തതിനാല്‍ അവിവാഹിതയായി കഴിയേണ്ടി വരുന്ന ഒരു പെണ്‍കുട്ടിക്കു കല്യാണച്ചിലവിനുവേണ്ടി ചിലവാക്കാന്‍ സന്മനസ്സു കാണിച്ചാല്‍ അതില്‍പ്പരം ഒരു പുണ്യം ഇല്ല തന്നെ. കേരളത്തില്‍ പല കല്യാണങ്ങളും ഒരു സിനിമാഷൂട്ടിംഗിനെ ഓര്‍മ്മിപ്പിക്കും വിധമായിരിക്കുന്നു. ഈ സ്ഥിതി മാറാന്‍ ഇപ്പോഴത്തെ യുവതീയുവാക്കള്‍ ആര്‍ജ്ജവബോധത്തോടെ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.

കരീം മാഷ്‌ said...

സമ്പന്നര്‍ വിവാഹമാമാങ്കങ്ങള്‍ക്കു ധൂര്‍ത്തടിക്കുന്നതില്‍ എനിക്കു വിഷമമില്ല (അവരുടെ പൂത്തിരിക്കുന്ന സ്വത്തു വല്ലപ്പോഴും പെട്ടിവിട്ടിറങ്ങാന്‍ അതൊരു നിമിത്തമാകുന്നു)
എന്നാല്‍ ഇതു കണ്ടു കോപ്പിയടിച്ചു സാധാരണക്കാരണും,പാവപ്പെട്ടവനും ധൂര്‍ത്തു ചെയ്യുമ്പോഴാണു ആത്മഹത്യയിലേക്കുള്ള കാരണമാകുന്നത്.

::സിയ↔Ziya said...

തീര്‍ച്ചയായും നല്ല പോസ്റ്റ് മെലോഡിയസ്...

ഇക്കാസിന്റെ വിവാഹം ആര്‍ഭാഢരഹിതമായിരുന്നു എന്നറിഞ്ഞതില്‍ വളരെ ആനന്ദിക്കുന്നു.

കൂടുതല്‍ യുവാക്കള്‍ വിവാഹവും ചടങ്ങുകളും ലളിതമാക്കി, സ്ത്രീധന രഹിത വിവാഹത്തിനു തയ്യാ‍റാവട്ടെ എന്ന്-
ഇക്കാസിനെപ്പോലെ ഇതൊക്കെ പ്രയോഗവത്കരിച്ച ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ പ്രത്യാശിക്കുന്നു.

മെലോഡിയസ് said...

അഞ്ചല്‍ക്കാന്‍ : അഞ്ചല്‍ക്കാരന്റെ ചിന്ത തന്നെയാണെനിക്കും. ഇത് പോലെ തന്നെ വേറൊന്നാണ് കല്യാണതലേന്നുള്ള പരിപാടികള്‍. പണ്ട് കാലത്ത്, കല്യാണത്തിന് ഒരു പാട് പണികള്‍ ഉണ്ടായിരുന്നു. അതിനൊക്കെ സഹായിക്കാന്‍ നാട്ടുകാരും ബന്ധുക്കളും വന്നിരുന്നു. അവര്‍ക്ക് ഭക്ഷണമൊക്കെ ഒരുക്കിയിരുന്നത് ഇന്നും തുടരുന്നു. പക്ഷേ കല്യാണ തലേന്ന് ഒരു പരിപാടിയും ഒരുക്കമൊന്നുമില്ലെങ്കിലും കല്യാണ തലേന്ന് പൊടി പൊടിക്കും. ആ വകയില്‍ ചിലവാക്കുന്നത് വേറെ. ഇതൊക്കെ ഞാന്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ളത് മധ്യവര്‍ഗ്ഗ കുടുംബങ്ങളിലും പാവപ്പെട്ടവരിലുമാണ്. ഇങ്ങനെയൊക്കെ ചിലവഴിക്കുന്ന പൈസ ആ പെണ്‍കുട്ടിക്ക് തന്നെ കൊടുത്തിരുന്നെങ്കില്‍ എന്ത് മാത്രം ഉപകാരപ്പെടുമായിരുന്നു.

ബൂലോകത്തെ വിവാഹ അര്‍മ്മാദങ്ങളെ കുറിച്ച് ഞാന്‍ അന്നേരം ആലോചിച്ചില്ലാ അഞ്ചലേ..


കലേഷേട്ടാ: നന്ദി. :)

ശ്രീ : നന്ദി ട്ടാ :)

ഇത്തിരീ : ഫുഡിന്റെ കാര്യത്തില്‍ ഇന്ന് എന്തൊക്കെ തരമാ..എന്റമ്മോ. ഒരു BP ( Bakshana Premi ) ആയ എനിക്ക് പോലും അതൊക്കെ കാണുമ്പോള്‍ സഹീക്കൂല്ലാ ട്ടാ. ഇക്കാസ് ആ കാര്യത്തിലും മിതത്വം കാണിച്ചു.

കൊച്ച്ത്രേസ്യാ: നന്ദി ട്ടാ. ഫുഡിന്റെ കാര്യത്തില്‍ നമ്മക്കും ഒട്ടും കോമ്പ്രമൈസില്ല. ക്ഷണിക്കപ്പെടുന്നവര്‍ക്ക് മാന്യമായ രീതിയില്‍ എന്നാല്‍ ഒട്ടും ആര്‍ഭാടമില്ലാതെ അതൊക്കെ ചെയ്യണം. അതാണ് നമ്മട വിചാരം ;)

അപ്പൂ: ഇക്കാസ് ചെയ്തത്, ഒരു പെണ്ണിനെ ഇഷ്ട്ടപ്പെട്ട്, അതിനെ മാന്യമായി വിവാഹം കഴിച്ച് കൊണ്ട് വന്നു. സ്ത്രീധനമായിട്ട് ഒന്നും ആവശ്യപ്പെടാതെ തന്നെ. വളരെ വേണ്ടപ്പെട്ടവരെ മാത്രം ക്ഷണിച്ച് കല്യാണം വളരെ ആര്‍ഭാടരഹിതമായി നടത്തി. ഇതാണ് ഇക്കാ‍സ് ചെയ്തതിന്റെ രത്നചുരുക്കം.

ആവനാഴി : നന്ദി :)

കരിം മാഷേ: പക്ഷേ സമ്പന്നരും കുറച്ചൊക്കെ മുന്നിട്ടിറങ്ങണ്ടേ? തികച്ചും ഇടത്തരക്കരാനായ എന്റെ കുടുംബത്തിലെ കാര്‍ന്നോര്‍, ഇക്കയുടെ കല്യാണം നടത്തിയത് കല്യാണ തലേന്ന് ഒരു വക പരിപാടിയും നടത്തിയില്ല. പുള്ളിക്കാരന്‍ പറഞ്ഞത്, എന്റെ കൈയ്യില്‍ കാശില്ലാഞ്ഞിട്ടൊന്നുമല്ല. നമ്മള്‍ ചിലതിന് മാതൃക കാണിച്ച് കൊടുക്കണം. വേണമെങ്കില്‍ അയല്‍‌പക്കാ‍ര്‍ക്ക് കല്യാണം കഴിഞ്ഞ് വേറൊരു ദിവസം ഇതൊക്കെ ചെയ്യാം. പക്ഷേ ഒക്‍ടോബര്‍ 19ന് ( 20നായിരുന്നു വിവാഹം) ഞാന്‍ അത് നടത്തില്ല. വിവാഹം വളരെ ഭംഗിയായി തന്നെ നടന്നു. ഇന്ന് ഇവിടെ പലരും പുള്ളിക്കാരന്‍ ചിന്തിക്കുന്ന രീതിയില്‍ തന്നെ ചിന്തിച്ച് തുടങ്ങി. അത് നല്ലൊരു ലക്ഷണമല്ലേ?

സിയാ: നന്ദി ട്ടാ. ഇനിയും ഒരു പാട് ചെറുപ്പക്കാര്‍ ഈ വഴി തന്നെ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കാം അല്ലേ?

കൃഷ്‌ | krish said...

മെലോഡിയസിന്റെ ചിന്തകള്‍ കൊള്ളാം.
ഇക്കാസ് ലളിതമായി വിവാഹം നടത്തിയതും നല്ല കാര്യം തന്നെ.

ഉള്ളവര്‍ ചിലവാക്കട്ടെ അങ്ങനെയെങ്കിലും കുറെ കള്ളപ്പണം ചിലവായി പലര്‍ക്കും കിട്ടുമല്ലോ. പിന്നെ, ജീവിതത്തില്‍ ഒരിക്കലേ വിവാഹം ഉള്ളൂ എന്നതുകൊണ്ട് കാശില്ലാത്തവര്‍‍ പണക്കാരെ അനുകരിക്കാന്‍ ശ്രമിക്കരുത്. അവിടെയാണ് കുഴപ്പം.

(ഓ.ടോ: മെലോ.. ഇപ്പഴേ ഷര്‍ട്ടിന്റെ ബട്ടണ്‍സ് പൊട്ടാറായ സ്ഥിതിയിലാ. ഇങ്ങനെ ആഴ്ചക്ക് രണ്ട് കല്യാണം വീതം കൂടിയാല്‍ സംഗതി എന്താവും? അവിടെ ചെന്ന് ഡയറ്റിംഗിലാണെന്ന് പറയില്ലല്ലോ!!)

സഹയാത്രികന്‍ said...

മാഷേ... നന്നായി...നല്ല പോസ്റ്റ്...

ഈ ധൂര്‍ത്ത് അവസാനിക്കേണ്ടതെന്നെ...

:)

ഓ:ടോ : ത്രേസ്യാ കൊച്ചേ...(പറഞ്ഞ് കേട്ടിടത്തോളം)നാരങ്ങാവെള്ളോം ഗ്ലൂക്കോസ്‌ ബിസ്കറ്റും നമുക്കെന്താകാനാ... ജാഡ പറഞ്ഞാ ശ്രീയ്ക്ക് പറ്റിയ പോലെ പട്ടിണി കിടക്കേണ്ടി വരും.. !
:)

പ്രയാസി said...

മെലോഡീ...
കാര്യവിചാരം തന്നെ.. ഈ പോസ്റ്റ്..
കല്യാണത്തിനു കാര്യമായി ഒന്നും കിട്ടാത്തതിന്റെ പ്രതിഷേധമാണോ..ഈ പോസ്റ്റെന്നും സംശയിക്കേണ്ടിയിരിക്കുന്നു..;)

ഓ.ടോ: മ്വാനെ സഹാ..
മുന്‍പു നാരങ്ങാ മാത്രമായിരുന്നു..!
ശാപ്പാടു കഴിഞ്ഞു കൊടുക്കുന്നതെ..
ഇപ്പോഴതു പരിഷ്കരിച്ചു നാരങ്ങാവെള്ളോം ഗ്ലൂക്കോസ്‌ ബിസ്കറ്റും ആക്കി അത്രെയുള്ളു..
പ്രയാസി കെട്ടുമ്പൊ എല്ലാര്‍ക്കും പുട്ടാ..

ഹരിശ്രീ said...

നല്ല പോസ്റ്റ്.

Typist | എഴുത്തുകാരി said...

കാലികപ്രാധാന്യമുള്ള പോസ്റ്റു്.
ഇപ്പോള്‍ പല വിവാഹനിശ്ചയങ്ങളും
ചെറിയ ഒരു വിവാഹത്തിന്റെ ആര്‍ഭാടത്തോടെയാണ്

കാലമാടന്‍ said...

കൊള്ളാം, സഖാവേ...
------------------------------------------------
(ബോറാണെന്കില്‍ സദയം ക്ഷമിക്കുക...)
http://kaalamaadan.blogspot.com/2007/12/blog-post_28.htm

pachalam said...

ഈയടുത്ത് ഒരു വിവാഹ് ക്ഷണം കണ്ടു;
നോര്‍ത്തിന്ത്യയില്‍ ഉള്ള ഒരു ബിസിനസുകാരന്‍റെ മകള്‍ഡെ കല്യാണം. ആദ്യം കൊറിയറില്‍ ഒരു പെട്ടി വന്നു, രണ്ട് പാക്കറ്റ് മേഡേണ്‍ ബ്രഡിന്‍റെ സൈസിലെ പാക്കറ്റ്. അതിനകത്ത് ഒരു കുതിരപ്പുറത്തിരിക്കുന്ന പടയാളിയുടെ പാവ. പാവയുടെ കക്ഷത്തില്‍ പണ്ടത്തെ രാജവിളംബരത്തിന്‍റെ നോട്ടീസുപോലത്തെ ക്ഷണക്കത്ത്.
ഒരാഴ്ച കഴിഞ്ഞപ്പൊ വീണ്ടും ഒരു പെട്ടി വന്നു, ഒരു റെഡിമേഡ് ഷര്‍ട്ടിന്‍റെ പാക്കറ്റിനത്രെം ഉള്ള പെട്ടി. അതിന്‍റകത്ത് ആദ്യം ഒരു പ്രിന്‍റഡ് പുസ്തകം. കല്യാണത്തിന്‍റെ മഹത്വവും പെണ്ണിന്‍റെ വീട്ടുകാരുടെ ചരിത്രവും വിവാഹ ക്ഷണപത്രവും ഒക്കെയുള്ളത്, ആ ബുക്കിനടിയില്‍ കല്‍ക്കണ്ടം, ഗ്രാംബു, അടയ്ക്ക നുറുക്കിയത്, ഏലക്കായ് എക്സ്റ്റ്രാ ഓരോ പാക്കറ്റുകള്‍ വീതം. ഇതിനെല്ലാം നടുക്ക് ഒരു ഗണപതിയുടെ രൂപം അടയ്ക്കയില്‍ കൊത്തിവച്ചത് !!

പിന്നേമ്മ് രണ്ടു ദിവസം കഴിഞ്ഞപ്പൊ കൊറിയറില്‍ ഒരു ഡിവീഡി. പെണ്ണിന്‍റെ അപ്പനും അമ്മയും ചേച്ചീം ചേട്ടനുമൊക്കെ അനുഗ്രഹിക്കുന്നതും ക്ഷണിക്കുന്നതും.

എന്തായാലും കൊറേ പേര്‍ക്ക് അതില്‍ നിന്ന് ജോലി കിട്ടിയിട്ടുണ്ടാവും.
ഇതിന്‍റെയൊക്കെ ഫോട്ടോസ് വേണമെങ്കില്‍ ഞാന്‍ ഇടാം.