Sunday, August 24, 2008

ചില പ്രവാസി കാഴ്ചകള്‍

മിക്കപ്പോഴും നട്ടപാതിരാക്ക് ഓഫീസില്‍ നിന്ന് ഇറങ്ങുമ്പോ കാണാം നമ്മുടെ സ്വന്തം മയില്‍‌വാഹനമായ എയര്‍ ഇന്ത്യ എക്‍സ്പ്രസ് ലാന്റ് ചെയ്യുന്നത്. ഏകദേശം ആ നേരം ഒക്കെ ആകും പണിയൊക്കെ കഴിയുമ്പോള്. പോകുന്ന വഴിയില്‍ മിക്കപ്പോഴും എന്റെ ചിന്ത അതില്‍ എത്രപേര്‍ ആദ്യമായിട്ട് ഇവിടേക്ക് വരുന്നുണ്ടാകും ? അവരുടെ മനസില്‍ ഇപ്പോള്‍ എന്താകും? എനിക്ക് വായിക്കാന്‍ പറ്റും..എനിക്കെന്നല്ല..ഒരു വിധം എല്ലാ പ്രവാസികള്‍ക്കും വായിക്കാന്‍ പറ്റും അവരുടെ മനസ്സ്. എങ്ങിനെയെങ്കിലും കുറച്ച് പൈസ ഉണ്ടാക്കി എത്രയും പെട്ടെന്ന് നാട്ടിലെത്തണം. പക്ഷെ അതിന് കഴിയുന്നുണ്ടോ? ഇല്ല. ഞാന്‍ ഇവിടെ വരുമ്പോള്‍ എനിക്ക് ഒരു പിടിയുമില്ലായിരുന്നു എന്തൊക്കെ ചെയ്യണം. എന്ത് ജോലി ആയിരിക്കും ഇവിടെ കിട്ടുക ? ദൈവാനുഗ്രഹത്താല്‍ വിചാരിച്ചത് തന്നെ കിട്ടി.പക്ഷേ, ഇവിടെ മറ്റുള്ളവരുടെ ജീവിതം കാണുമ്പോള്‍ ഞാനൊക്കെ എത്ര ഭാഗ്യവാന്‍ എന്ന് ഓര്‍ത്ത് പലവട്ടം ഞാന്‍ ദൈവത്തോട് സ്‌തുതി പറഞ്ഞിട്ടുണ്ട്. ജോലിയില്‍ കയറിയ പാടെ വര്‍ക്ക് സൈറ്റില്‍ ആയിരുന്നു പണി. ഒരു പാട് പേരെ ഈ കാലത്ത് പരിചയപ്പെട്ടു. ദേശ, ഭാഷ , ജാതി വ്യത്യാസമില്ലാതെ തന്നെ. ഈ പൊരി വെയിലത്ത് ജോലി ചെയ്യുന്നവരുടെ കാര്യം ഓര്‍ക്കുമ്പോള്‍ വല്ലാത്ത വിഷമം തോന്നും. ദിവസവും ക്ലിനിക്കില്‍ വരുന്നവരുടെ കാര്യം കാണുമ്പോള്‍ അതിലുമേറെ വിഷമം. ശരിക്കും പറഞ്ഞാല്‍ ഇവിടെ ഓരോ ആളുകളും നമുക്ക് ഒരു പാഠമാണ്. അവരുടെ പരാതികള്‍ , പരിഭവങ്ങള്‍ , ആശങ്കകള്‍ അങ്ങിനെ അങ്ങിനെ ഓരോന്ന്‍. ചിലര്‍ ഞങ്ങളുടെ മുന്ന്ലിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്. തങ്ങള്‍ക്ക് വന്ന ദുര്‍വിധിയോര്‍ത്ത് അല്ലെങ്കില്‍ തങ്ങള്‍ക്ക് വന്ന ദുരിതമോര്‍ത്ത്..


ദുരിതങ്ങള്‍ എന്താണന്നല്ലേ. പറയാം. തങ്ങള്‍ അറിയാതെ തങ്ങളെ മറ്റൊരാള്‍ക്ക് അല്ലെങ്കില്‍ കമ്പനിക്ക് വില്‍ക്കുന്നത്. ശരിക്കും പറഞ്ഞാല്‍ അടിമ വേല തന്നെ എന്ന് പറയേണ്ടി വരും. ചിലപ്പോള്‍ സൈറ്റ് വിസിറ്റിങ്ങിനിടക്ക് പുതിയ ആളുകളെ കാണുമ്പോള്‍ എത് സബ് കോണ്‍‌ട്രാക്റ്ററാ എന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ അന്തം വിട്ട് നിന്ന് കൈ മലര്‍ത്തുന്നത് കാണാം. അല്ലെങ്കില്‍ ഒന്നും അറിയാത്ത ഒരു ചിരി. തങ്ങള്‍ ഏത് കമ്പനിയിലാണെന്നോ എന്ത് കമ്പനിക്ക് വേണ്ടിയാണ് വര്‍ക്ക് ചെയ്യുന്നത് എന്നോ, ഒരു നിശ്ചയം അവര്‍ക്ക് തന്നെ കാണില്ല. രാവിലെ അഞ്ച് അല്ലെങ്കില്‍ ആറ് മണിക്ക് പണിക്ക് കയറിയാല്‍ പിന്നെ 12 മണിക്കൂറോളം അവിടെ തന്നെ കാണും. അതിന്റെ ഇടക്ക് ഭക്ഷണത്തിനുള്ള ഇടവേള കിട്ടും. എന്നാലും ഒരു 11 മണിക്കൂര്‍ കുറഞ്ഞത് അവര്‍ക്ക് പണിയോട് പണി തന്നെ. എന്നിട്ട് ഇവര്‍ക്ക് കിട്ടുന്നതോ? 800 റിയാല്‍ ഒരു മാസം കിട്ടുന്നവന്‍ ഭാഗ്യവാന്‍ എന്ന് വേണം പറയാന്‍. ചിലര്‍ക്ക് അത് ഓവര്‍ ടൈം കൂട്ടിയാല്‍ പോലും അത്ര കിട്ടില്ല. പക്ഷേ , ഇവരെ സപ്ലൈ ചെയ്യുന്ന കമ്പനി വാങ്ങുന്നതോ? ലേബര്‍ക്ക് കുറഞ്ഞത് 2500 റിയാല്‍ , ഫോര്‍മാന് 4000-5000 റിയാല്‍, സൂപ്പര്‍ വൈസര്‍ക്ക് 7000 റിയാല്‍ എന്നിങ്ങനെ നിരക്കിലായിരിക്കും. അതായത് കിട്ടുന്നതില്‍ ഒട്ടു മുക്കാലും പോകുന്നത് ഏതെങ്കിലും ഒരു സപ്ലൈ കമ്പനിക്കായിരിക്കും. അതിന്റെ തലപ്പത്തുള്ളവനിക്ക് ആയിരിക്കും ഇത്രയും ആളുകളുടെ ശമ്പളത്തിന്റെ ഒട്ടു മുക്കാലും കിട്ടുന്നത്.എന്നാല്‍ ഈ വാങ്ങുന്നതിന് അനുസരിച്ചുള്ള സൌകര്യങ്ങള്‍ ഈ സപ്ലൈ കമ്പനികള്‍ ചെയ്യുന്നുണ്ടൊ? അതില്ല. അവര്‍ക്ക് എങ്ങിനെയെങ്കിലും ആളുകളെ വെച്ച് പൈസ ഉണ്ടാക്കിയാല്‍ മതി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ക്ലിനിക്കില്‍ ഒരു കമ്പനിയില്‍ നിന്നുള്ള കുറെ ആളുകള്‍ക്ക് അസുഖം. അതായത് വയറ് വേദന മുതലായവ. ആദ്യം ഇത് വല്ല തട്ടിപ്പ് വല്ലതും ആണോ എന്ന സംശയമായിരുന്നു. പക്ഷേ ഇത്രയും ആളുകള്‍ക്ക് ഇങ്ങനെ ഒന്നിച്ച് വരില്ലാല്ലോ. പ്രശ്‌നം എന്റെ മാനേജറുടെ മുന്നിലും എത്തി. എന്തായാലും ഇവര്‍ താമസിക്കുന്ന സ്ഥലം ഒരു ദിവസം സന്ദര്‍ശിക്കണം എന്ന് പുള്ളിക്കാരന്‍ പറഞ്ഞു. അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച..ദൈവമേ!..ഈ ഉരുകുന്ന ചൂടിലും എയര്‍ കണ്ടീഷണര്‍ എന്ന സംഭവം അവര്‍ക്കില്ല. കറങ്ങിയാല്‍ ഭാഗ്യം എന്ന രീതിയില്‍ മുകളില്‍ തൂക്കിയിട്ടിരിക്കുന്ന ഒരു ഫാന്‍ ഉണ്ട്. കറങ്ങിയാല്‍ ഭാഗ്യം. വളരെ വൃത്തിഹീനമായ അന്തരീക്ഷം. വെള്ളം സപ്ലൈ ചെയ്യുന്നത് ഒരിട വിട്ട്. ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒന്നും പറയാതിരിക്കുകയാണ് ഭേദം. പകുതി പോലും വേവാത്ത പഴയ പച്ചക്കറികള്‍ കൊണ്ടുള്ള എന്തോ ഒന്ന്. അതില്‍ നിന്നും ചീഞ്ഞ നാറ്റം കിട്ടും. ഈ ഏസിയില്ലാത്ത ഒരു മുറിയില്‍ 10 പേര്‍. കട്ടില്‍ എന്ന സംഭവം ഇല്ല. എല്ലാവരും നിലത്ത്. അത്യാവശ്യത്തിനുള്ള മൂട്ട കടി വേറെ.


ഇതെല്ലാം കണ്ട് ഞങ്ങള്‍ അന്തം വിട്ട് നിന്നു. ഒരു ലേബര്‍ ക്യാമ്പ് എന്നുള്ളത് ഇങ്ങനെയാകും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.എന്റെ മാനേജറുടെ മുഖത്ത് നോക്കിയപ്പോള്‍ പുള്ളിക്കാരന്റെ മുഖം ആകെ ചുവന്ന് തുടുത്തിരിക്കുന്നു. സ്വതവേ ദേഷ്യം വന്നാല്‍ പുള്ളിക്കാരന്‍ നല്ല പുളിച്ച തെറി പറയുന്നതാണ്. പക്ഷെ ഒന്നും പറയാതെ പുള്ളിക്കാരന്‍ അവിടെന്ന് ഇറങ്ങി. കൂടെ ഞങ്ങളും. എനിക്ക് ഏറ്റവും കൂടുതല്‍ വിഷമം ഉണ്ടാക്കിയത് ആ കൂട്ടത്തില്‍ 70 % ആളുകളും മലയാളികളായിരുന്നു. ഈ സപ്ലൈ കമ്പനിയുടെ ഉടമ ഒരു മലയാളിയും. ഒരു മലയാളി തന്നെ തന്റെ നാട്ടുകാരോട് ഈ വിധം ചെയ്യുന്ന കാര്യം ആലോചിച്ചപ്പോള്‍ , എന്റെ തല ഒന്ന് പെരുത്തു. അവിടെ ജോലി ചെയ്യുന്ന മിക്കവരും നാട്ടില്‍ നിന്ന് പുതുതായി വന്നതായിരുന്നു. മിക്കവരും ഇലക്‍ട്രിഷ്യന്മാരും പ്ലംബര്‍മാരും. വന്നിട്ട് ആകെ മൂന്ന് ആയിട്ടുണ്ടാകും. മാസം 1200 റിയാല്‍ ശമ്പളം തരാം എന്ന് പറഞ്ഞ് ഏജന്‍സി വഴി വന്നവരാണവര്‍. ഈ മൂന്ന് മാസത്തിനിടക്ക് അവര്‍ക്ക് ആകെ കിട്ടിയത് 450 റിയാല്‍. നാട്ടില്‍ നിന്ന് പണം പലിശക്കെടുത്തും കെട്ടിയ പെണ്ണിന്റെ കഴുത്തിലും കാതിലും ഒക്കെ ഉള്ളത് വിറ്റും പണയം വെച്ചും എങ്ങിനെയെങ്കിലും ജീവിതം ഒന്ന് കരുപിടിപ്പിക്കണം എന്ന് കരുതി വന്നവര്‍. ജീവിതം അവരില്‍ നിന്നെ കൈവിട്ട് പോകുന്നു എന്ന് തോന്നുമ്പോള്‍ അവര്‍ക്ക് ഞങ്ങളുടെ മുന്നില്‍ നിന്ന് പൊട്ടിക്കരയാനല്ലാതെ എന്ത് ചെയ്യാന്‍ പറ്റും?


പിറ്റേന്ന് എന്റെ മാനേജര്‍ ഈ സബ് കോണ്‍‌‌ട്രാക്റ്ററെ കണ്ടപ്പോള്‍ പറഞ്ഞ വാചകം ഇപ്പോഴും എന്റെ മനസില്‍ ഉണ്ട്. “ നീ ഉണ്ടാക്കുന്ന പൈസ നിനക്ക് തന്നെ ഉപകാരപ്പെടും എന്ന് എന്ത് ഉറപ്പാണ് നിനക്കുള്ളത്. നീ ഉണ്ടാക്കുന്നത് വല്ലവന്റെയും ചോര കൊണ്ടുള്ളതാണ്. അതിന് ഒരു പരിധിയുണ്ട് “ എന്നും പറഞ്ഞു “ ഇനി നിനക്ക് എന്റെ വര്‍ക്ക് സൈറ്റില്‍ പണിയണം എങ്കില്‍ നിന്റെ ആളുകള്‍ക്ക് ഈ സൌകര്യങ്ങള്‍ ഉണ്ട് എന്ന് ഞങ്ങള്‍ ബോധ്യപ്പെടണം“ എന്ന് പറഞ്ഞ് ഒരു കവര്‍ അങ്ങ് കൊടുത്തു. അതോടെ എല്ലാം ശുഭം. അതിന് ശേഷം അവര്‍ ഞങ്ങളെ കണ്ടപ്പോള്‍ എന്റെ കൈ പിടിച്ച് പറഞ്ഞു..അന്ന് സാറൊക്കെ അവിടെ വന്നത് കൊണ്ട് ഞങ്ങള്‍ക്ക് ഇത്രയെങ്കിലും സൌകര്യങ്ങളായി. നന്ദിയുണ്ട്. ഒരു പാട്. അത് പറയുമ്പോഴും അയാളുടെ കണ്ണില്‍ നിന്ന് കണ്ണു നീര്‍ പൊടിയുന്നുണ്ടായിരുന്നു.


ഇങ്ങോട്ട് വലിയ സ്വപ്നങ്ങളുമായി വിമാനം കയറുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ആലോചിച്ചാ‍ല്‍ നന്ന്. ഒന്ന് , നമ്മുടെ നാട്ടില്‍ ഇപ്പോള്‍ പണിക്ക് യാതൊരു പഞ്ഞവും ഇല്ല. ഏതൊരു നിര്‍മാണ വ്യവസായത്തിലും ജോലി എടുക്കുന്നവന് ദിവസം ഒരു 250 -300 രൂപ ദിവസം കിട്ടുന്നുണ്ട് ( തര്‍ക്കിക്കണ്ടാ.. എന്റെ വീട്ടീന്ന് കിട്ടിയ അറിവാ. വീട് പണി നടന്നോണ്ട് ഇരിക്കുകയാ ) രണ്ട്, ഗള്‍ഫില്‍ വന്ന് പൈസ സമ്പാദിച്ചേ അടങ്ങൂ എന്ന് ഉണ്ടെങ്കില്‍ ഇപ്പോള്‍ ചെയ്യുന്ന ജോലിയും , ഗള്‍ഫില്‍ നിന്ന് വന്നിരിക്കുന്ന ഓഫറില്‍ പറഞ്ഞിരിക്കുന്ന ജോലിയും തമ്മില്‍ താരതമ്യം നടത്തുന്നത് നന്ന്. ഈ കൊടും ചൂടത്ത് നിന്ന് പണിത് പൈസ ഉണ്ടാക്കുന്നതാണോ? അതോ വീട്ട്കാര് വെച്ച് വിളമ്പി തരുന്നത് തട്ടി പണിക്ക് പോകുന്നതാണോ നല്ലത് എന്ന് ആലോചിക്കുക. മൂന്ന്, ഇത്ര ശമ്പളം തരും എന്നൊക്കെ ഏജന്‍സിക്കാര്‍ പലതും പറയും. അവര്‍ പറയുന്നത് സത്യമാണോ എന്ന് ഇങ്ങോട്ട് പോരുന്നതിന് മുമ്പ് ഒന്ന് തിരക്കുന്നത് വളരെ നല്ലത്. എങ്ങിനെ ആയാലും ഏതെങ്കിലും തരത്തില്‍ ഒരു ബന്ധമുള്ള ആരെങ്കിലും നിങ്ങള്‍ ജോലി ചെയ്യാന്‍ പോകുന്ന സ്‌ഥലത്തോ അല്ലെങ്കില്‍ അതിന് ചുറ്റുവട്ടത്തോ കാണും. അങ്ങിനെ ഉണ്ടെങ്കില്‍ ജോലി ചെയ്യാന്‍ പോകുന്ന കമ്പനിയെ പറ്റി ഒന്ന് തിരക്കുന്നത് നല്ലത്. ഏറ്റവും കുറഞ്ഞത് മര്യാദക്ക് ശമ്പളം എങ്കിലും തരുന്നുണ്ടോ എന്ന് തിരക്കുന്നത് നല്ലത്.


ഇങ്ങിനെയൊക്കെ ഒന്ന് ചെറുതായി ഒന്ന് ഒന്ന് സൂക്ഷിച്ചാല്‍ , അല്ലെങ്കില്‍ ഇങ്ങോട്ട് പോരാന്‍ വെമ്പി നില്‍ക്കുന്ന നമ്മള്‍ അറിയുന്ന, നമ്മുടെ കണ്ണില്‍ പെടുന്ന ആളുകളോട് വിവരം പറഞ്ഞ് ധരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത്രയും നല്ലത്

വാല്‍ക്കഷ്ണം :-

നമ്മുടെ നാട്ടില്‍ ഹര്‍ത്താല്‍ മഹോത്സവത്തിന് ഉത്തരവിടുന്ന എമാന്മാരേയും , അതിന് വേണ്ടി കല്ലെറിയാനും , വാഹങ്ങള്‍ കത്തിക്കാനും, പഠിപ്പ് മുടക്കാനും , ജാഥ നടത്തി ജനങ്ങളെ പൊറുതി മുട്ടിക്കാനും തുനിഞ്ഞ് ഇറങ്ങുന്നവന്മാരെ എയര്‍ ഇന്ത്യ എക്‍സ്പ്രസില്‍ കൊണ്ട് വന്നിറക്കി കവറോളും ഇടിപ്പിച്ച് നേരെ ഇവനൊയെക്കെ ഇവിടെ പണിയെടുക്കാന്‍ വിട്ടാല്‍ മതി. അധികം ഒന്നും വേണ്ട.. വെറും രണ്ടേ രണ്ട് മാസം. നമ്മടെ നാട് മെച്ചപ്പെടും!!